കൊച്ചി: കടൽ ജൈവവൈവിധ്യത്തിന്റെ ഭാഗമായ ജല-മണ്ണ് ഗുണനിലവാര പരിശോധനാ രീതികൾ പരിശീലിപ്പിക്കുന്നതിന് ഹ്രസ്വകാല കോഴ്സുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പരിശീലന പരിപാടി നവംബർ 25 മുതൽ 29 വരെ സി.എം.എഫ്.ആർ.ഐയിൽ നടക്കും. കോഴ്സിൽ ജലഗുണനിലവാര പരിശോധന, മണ്ണിനങ്ങളുടെ സ്വഭാവ നിർണയം, സമുദ്രമലിനീകരണം തിരിച്ചറിയൽ, പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ പരിചയപ്പെടുത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ഫീൽഡ് ട്രിപ്പുമുണ്ടാകും.
വെള്ളത്തിൽ അലിഞ്ഞുചേരുന്ന ഓക്സിജന്റെ അളവ്, പോഷകങ്ങളുടെ സാന്ദ്രത, ജലത്തിലെ മലിനീകരണത്തിന്റെ സാന്നിധ്യം, മൺതരികളുടെ സ്വഭാവം, മണ്ണിലടങ്ങിയിരിക്കുന്ന ജൈവപദാർത്ഥങ്ങളുടെ തോത് തുടങ്ങിയുള്ള സുപ്രധാന പരിശോധനരീതികൾ പരിശീലിപ്പിക്കും. സിഎംഎഫ്ആർഐ നടത്തി വരുന്ന ‘നോ യുവർ മറൈൻ ബയോഡൈവേഴ്സിറ്റി’ പരിശീലന പരമ്പരയുടെ ഭാഗമായാണിത്. സമുദ്രജൈവവൈവിധ്യ പരിസ്ഥിതി പഠനവുമായ ബന്ധപ്പെട്ട് മണ്ണ്-ജലഗുണനിലവാര പരിശോധനരീതികളിൽ പ്രായോഗിക പരിശീലനം ആഗ്രഹിക്കുന്നവർക്ക് കോഴ്സിൽ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്- http://www.cmfri.org.in