കോട്ടയം: സി.എം.എസ് കോളേജില്‍ എസ്.എഫ്.ഐക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ക്യാമ്പസില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് പുറത്തുനിന്നുമുള്ള എസ്.എഫ് പ്രവര്‍ത്തകര്‍ ഗേറ്റ് വഴി ക്യാമ്പസിലേക്ക് പ്രവേശിക്കാന്‍ ആരംഭിച്ചു. ഗേറ്റ് അടച്ചുകൊണ്ട് ഇത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞപ്പോള്‍ എസ്.എഫ്.ഐക്കാര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ആരംഭിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് കോളേജ് വേദിയായി.
മറ്റ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി കോളേജിലേക്ക് കയറിയ എസ്.എഫ്.ഐക്കാര്‍ ക്യാമ്പസില്‍ കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും അവരാണ് തങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നതെന്നും ആരോപിച്ചുകൊണ്ടാണ് അതിക്രമം നടത്തിയത്. ഇവരെ പോലീസ് തടഞ്ഞപ്പോള്‍ ‘അവന്മാരവിടെ കഞ്ചാവും മയക്കുമരുന്നും ചെയ്തോണ്ടിരിക്കുകയായിരുന്നു’ എന്ന് ഒരു എസ്.എഫ്.ഐ പ്രവര്‍ത്തക വിളിച്ചുപറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ പോലീസ് വാഹനങ്ങളില്‍ കയറ്റി സ്ഥിതിഗതികള്‍ പോലീസ് നിയന്ത്രിച്ചത്.
തങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാനേജ്മെന്റിന്റെ പിന്തുണയുണ്ടെന്നും എസ്.എഫ്.ഐക്കാര്‍ ആരോപിച്ചു. ഏതാനും വിദ്യാര്‍ത്ഥികള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം എസ്.എഫ്.ഐക്കാരുടെ ഗുണ്ടായിസത്തിന് എതിരാണെന്നും പ്രശ്നങ്ങള്‍ ഇന്നലെ മുതലാണ് ആരംഭിച്ചതെന്നും കോളേജ് പ്രിന്‍സിപ്പല്‍ റോയ് സാം ഡാനിയേല്‍ പറഞ്ഞു. ഇന്നലെ നിരപരാധികളായ കുട്ടികളെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥികളെ അവര്‍ കഞ്ചാവുപയോഗിക്കുന്നവരായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.