തിരുവനന്തപുരം : വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ മോശമായി പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ല.
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ചങ്ങനാശേരി പോലീസാണ് കേസെടുത്തത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തും. ഇവരുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പോലീസ് നിറവേറ്റുമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഒരുദിവസം അമ്പതിലധികം കോളുകള്‍ ഫോണില്‍ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരു നമ്പറില്‍ നിന്ന് തന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. ഇവരുടെ എല്ലാം വിവരങ്ങള്‍ ശേഖരിച്ച് കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.