പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനെച്ചൊല്ലി വിവാദം. ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പോസ്റ്റിനെ ചൊല്ലിയാണ് വിവാദം . ‘പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍’ എന്നു ചേര്‍ത്തതാണ് വിവാദത്തിന് കാരണം
മതപരിവര്‍ത്തനം ആരോപിച്ചുള്ള സംഘ്പരിവാര്‍ ആക്രമണങ്ങളെ പരോക്ഷമായി സഹായിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന വിമര്‍ശനത്തിന് പിന്നാലെ പോസ്റ്റ് തിരുത്തിയിട്ടുണ്ട്. വിഷയം യു.ഡി.എഫ് കേന്ദ്രങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.
ഈ മാസം 19നാണ് തിരുഹൃദയ സന്യാസിനി സമൂഹ (എസ്.എച്ച്)ത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിന്തുടര്ന്ന് ബജ്റംഗ്ദളുകാര്‍ അതിക്രമം കാട്ടിയത്.
രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സന്യാസിനിമാരില്‍ ഒരാള്‍ ഡല്‍ഹി പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് വിളിച്ച് വിവരം ധരിപ്പിച്ചപ്പോഴേക്കും ജയ് ശ്രീരാം, ജയ് ഹനുമാന് മുദ്രാവാക്യങ്ങള്‍ വിളി തുടങ്ങി. തങ്ങള്‍ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചവരാണെന്നു പറഞ്ഞെങ്കിലും അംഗീകരിക്കാതെയായിരുന്നു ആക്രമണം.