റിയാദ് : സൗദിയിലെ സിവിലിയൻ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെ യെമനിൽ ശക്തമായ തിരിച്ചടി. ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യം അറിയിച്ചു. സഅദ, ഹുദൈദ, അൽ ജൗഫ്, മാരിബ് എന്നീ നാല് പ്രവിശ്യകളിലായാണ് ആക്രമണം നടത്തിയതെന്ന് സഖ്യ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. റിയാദ് വിമാനത്താവളത്തെ അടക്കം ആക്രമിക്കാൻ ഉപയോഗിച്ച മിസൈൽ ലോഞ്ചറും തകർത്തു.
സഅദയിലെ മലകളിൽ സ്ഥാപിച്ചിരുന്ന 11 ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങളും ആക്രമണത്തിൽ തകർത്തതായി സഖ്യം അവകാശപ്പെട്ടു. കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മിസൈൽ-ആയുധ സംഭരണശാലകൾ, ഹൂതി പോരാളികൾ ഒത്തുകൂടുന്ന കേന്ദ്രങ്ങൾ എന്നിവയും ലക്ഷ്യമിട്ടു. ഹൂതി വിമതർ സൗദിയിലെ റിയാദ്, അബ്ഹ വിമാനത്താവളങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹൂതി വിമതർ സഖ്യ സർക്കാറിന്‍റെ ആസ്ഥാനമായ ഏഡനിലെ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയിരുന്നു. ഇതോടെ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. റിയാദിന് സമീപം ഹൂതികൾ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സഖ്യവും വ്യക്തമാക്കി. യെമനിൽ സർക്കാർ സേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ രണ്ട് ലക്ഷത്തിലേറെ പേർ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. യുദ്ധമുഖത്ത് ഏറ്റുമുട്ടൽ തുടരുന്നതിനിടെ സാധാരണക്കാരാണ് ഏറ്റവും വലിയ ദുരിതം നേരിടുന്നത്. സുരക്ഷിത ഇടം തേടി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുകയാണ് നിരവധി കുടുംബങ്ങൾ.




























