അഹമ്മദാബാദ്: മുങ്ങിത്താഴ്ന്ന ബോട്ടിൽ നിന്ന് അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പോർബന്തറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് സംഭവം. പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ടിന് അപകടം സംഭവിച്ചുവെന്ന വിവരം കോസ്റ്റ് ഗാർഡിന്റെ സൗത്ത് ഗുജറാത്ത് ദാമൻ ആന്റ് ദിയു മാരിടൈം റെസ്‌ക്യൂ സബ് സെന്ററിലേക്ക് ലഭിച്ചിരുന്നു. ഈ വിവരം ലഭിച്ചതിന് പിന്നാലെ പോർബന്തറിൽ നിന്നും അസി. കോംഡിറ്റ് കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി യാത്ര തിരിക്കുകയായിരുന്നുവെന്നും മന്ത്രാലയം പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കോസ്റ്റ് ഗാർഡിന്റെ കപ്പൽ അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു. പാതി മുങ്ങിയ നിലയിലായിരുന്നു മത്സ്യബന്ധന ബോട്ട്. കോസ്റ്റ് ഗാർഡിന്റെ ശ്രമഫലമായി ബോട്ടിനുള്ളിൽ നിന്നും വെള്ളം വലിച്ചു കളയുകയും, ജീവനക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു. കപ്പലിലെ വെള്ളം കളഞ്ഞ് തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും കരയിൽ നിന്നും 12 കിലോമീറ്റർ അകലെ വച്ച് ബോട്ട് പൂർണമായും മുങ്ങിപ്പോവുകയായിരുന്നു.