കൊച്ചി: എംഎസ്‌സി എൽസ 3 കപ്പല്‍ അപകടത്തിൽ കേസെടുക്കാൻ വൈകിയിട്ടില്ലെന്നും ഇന്നാണ് പരാതി ലഭിച്ചതെന്നും കോസ്റ്റൽ പോലീസ്. പരാതിക്കാരന്റെയും കപ്പൽ ജീവനക്കാരുടെയും മൊഴിയെടുക്കും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും കോസ്റ്റൽ പോലീസ് എഐജി പദംസിങ് പറഞ്ഞു. ഫോർട്ട് കൊച്ചി കോസ്റ്റല്‍ പോലീസാണ് കേസെടുത്തത്. കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ്സംഹിതയിലെ 282,285,286,287,288,3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. മെയ് 25നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്.
അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. തെക്കൻ തീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയും കടലിനും തീരത്തിനും ഭീഷണി ഉയർത്തിയിരുന്നു.