പേട്ട : വലിയതോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തീര സംരക്ഷണത്തിനു തുടക്കമായി. അന്യം നിന്നു പോയ പേട്ട ചന്തയുടെ വശം കെട്ടി ബലപ്പെടുത്തുന്നതിനുള്ള പണികളാണ് ആരംഭിച്ചത്. ജലവിഭവ വകുപ്പ് അനുവദിച്ച 1 കോടി രൂപ ചെലവഴിച്ചാണ് തോട് പുനരുദ്ധരിക്കുന്നത്. ഇതിൽ ഒരു വിഹിതം ചെലവഴിച്ച് പുള്ളോലി പാലം–ബണ്ടുപാലം വരെ ആഴം കൂട്ടിയിരുന്നു. പേട്ട ചന്തയുടെ തീരത്ത് തോട്ടിൽ കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി പണിതിരുന്നു. പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കൽക്കെട്ടുകളെല്ലാം തകർന്നിരിക്കുകയാണ്.
അവ പൂർണമായി പൊളിച്ചു നീക്കുന്ന പണിയാണു തുടങ്ങിയത്. തുടർന്ന് ഇവിടെ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കും. മാമുക്ക് പാലത്തിനു സമീപം കുട്ടികളുടെ പാർക്കിനായി പഞ്ചായത്ത് ഒരുക്കുന്ന സ്ഥലത്ത് 170 മീറ്റർ നീളത്തിൽ കൈവരിയോടു കൂടിയ നടപ്പാത നിർമിക്കും. ഇവിടെ ഇടിഞ്ഞു കിടക്കുന്ന 25 മീറ്റർ ദൂരത്ത് സംരക്ഷണഭിത്തി പുനർ നിർമിക്കും. വലിയകാവ് മാർത്തോമ്മാ പള്ളിക്കു സമീപവും പുള്ളോലി ഭാഗത്തും സംരക്ഷണഭിത്തി പണിയും.