നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകരില്‍ എത്തിച്ച ആമസോണ്‍ പ്രൈം വീഡിയോ തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്തിറക്കി. ആന്റോ ജോസഫ് ഫിലിംസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് ഒരു പോലീസ് ഓഫീസറുടെ പ്രധാന വേഷം ചെയ്യുന്നത്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോള്‍ഡ് കേസ്.
കൊലപാതകത്തിന്റെ അന്വേഷണത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ പൃഥ്വിരാജ് തന്റെ ചുറ്റും നടക്കുന്ന അതീന്ദ്രീയ സംഭവങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമിടയിലും കാര്യങ്ങളെ യുക്തിപൂര്‍വം വീക്ഷിക്കാനുള്ള ആശയക്കുഴപ്പത്തിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്ന അദിതി ബാലന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണവും വിചിത്രവുമായ സംഭവങ്ങളോടൊപ്പം മാനസികനില തെറ്റിയ കഥാപാത്രമായി വേഷമിടുന്ന സുചിത്ര പിള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളും നിറഞ്ഞതാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക.