ന്യൂഡല്‍ഹി : ശൈത്യകാലമെത്തുന്നതോടെ കൊറോണ രോഗബാധ രൂക്ഷമാകുമെന്നു തന്നെയാണ് ആരോഗ്യസംഘടനയുടെ വിലയിരുത്തല്‍. തണുപ്പുക്കാലങ്ങളില്‍ ഉണ്ടാകുന്ന പകര്‍ച്ചപ്പനി ആരോഗ്യസംവിധാനത്തെ വല്ലാതെ ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
അതുകൊണ്ട് ഇത്തരം രോഗങ്ങളെ തടയാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. സിട്രസ് പഴങ്ങളും പച്ചില കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍ക്കൊള്ളിക്കുന്നത് പ്രതിരോധശേഷിക്ക് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ശരീരത്തില്‍ ബാധിക്കുന്ന വൈറസിനെതിരെ പൊരുതാന്‍ സഹായിക്കും.
കൊറോണ പ്രതിരോധത്തിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ പകര്‍ച്ചപ്പനി തടയുവാനും ഉപകരിക്കുന്നതാണ്. വ്യക്തിശുചിത്വം, മാസ്ക്കിന്റെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയവ മറ്റ് രോഗങ്ങളെ തടയുവാനും സഹായിക്കും. കൈകഴുകലും പ്രധാനപ്പെട്ട കാര്യമാണ്. മഞ്ഞുകാലമാകുമ്പോള്‍ പൊതുവെ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൊറോണ ഭീതി നിലനില്‍ക്കുമ്ബോള്‍ തന്നെ മറ്റ് അസുഖങ്ങള്‍ വന്നാല്‍ അത് ആരോഗ്യരംഗത്തെ കഠിനമായി ബാധിക്കും. കൊറോണ രോഗികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പോലും പല സര്‍ക്കാര്‍ ആശുപത്രികളിലും കിട്ടാത്ത അവസ്ഥയാണ്. കൊറോണ പോസിറ്റീവ് ആയ പല രോഗികളും ഇപ്പോള്‍ വീട്ടില്‍ തന്നെ താമസിക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റ് രോഗങ്ങള്‍ പിടിപ്പെട്ടാല്‍ അത് ഇരട്ടി പ്രഹരമേല്‍പ്പിക്കും.
ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയാണ് ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയുവാനുള്ള മാര്‍ഗ്ഗം. കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ക്ക് പുറമേ ഗാമ ഒറൈസനോള്‍ പോലുള്ള ആന്റി ഓക്‌സിഡന്റുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ന്യൂഡല്‍ഹി ശ്രീ ഗംഗാറാം ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ചെയര്‍മാന്‍ എസ്. പി. ബ്യോത്രയ് പറയുന്നത്.