തിരുവനന്തപുരം : വൈദ്യുതി ബോർഡിൽ ശമ്പള പരിഷ്കരണത്തെ തുടർന്നു സിപിഎം സംഘടനകൾ ജീവനക്കാരിൽനിന്നു കോടിക്കണക്കിനു രൂപ പിരിച്ചെടുക്കുന്നു. ശമ്പള പരിഷ്കരണം മൂലം ഒരു മാസം ലഭിക്കുന്ന വർധനയാണ് സംഘടനയ്ക്കു നൽകേണ്ടത്.
ഇതിനായി ഒരു ഫോം ജീവനക്കാർക്കു വിതരണം ചെയ്യുന്നുണ്ട്. നിശ്ചിത തുക സംഘടനയുടെ അക്കൗണ്ടിലേക്കു മാറ്റണമെന്നു ബാങ്ക് മാനേജർക്കുള്ള അപേക്ഷ ആണിത്. മുമ്പ് ശമ്പള പരിഷ്കരണം നടന്നപ്പോൾ രസീതു കൊടുത്തു പണം പിരിച്ചതു വാർത്ത ആയ സാഹചര്യത്തിലാണ് ഇത്തവണ രസീത് പിരിവ് ഒഴിവാക്കിയത് എന്നാണ് വിവരം.
ബോർഡിലെ ജീവനക്കാർക്ക് ഇത്തവണത്തെ ശമ്പള പരിഷ്കരണത്തിലൂടെ ഏകദേശം 7000 രൂപ മുതൽ 30,000 രൂപ വരെ വർധിച്ചിട്ടുണ്ട്. ബോർഡിൽ സിപിഎമ്മിന് ഓഫിസർമാരുടെയും മറ്റു ജീവനക്കാരുടെയുമായി രണ്ടു സംഘടനകൾ ഉണ്ട്. ഇതിൽ ജീവനക്കാരുടെ സംഘടനയിൽ ഏകദേശം 13,000 പേരും ഓഫിസർമാരുടെ സംഘടനയിൽ 4500ഓളം പേരുമാണ് ഉള്ളത്. ജീവനക്കാരുടെ ശരാശരി വർധന 10,000 രൂപ എന്നു കണക്കാക്കിയാൽ പോലും 13,000 പേരുള്ള സംഘടനയ്ക്ക് എത്ര കോടി ലഭിക്കുമെന്ന് ഊഹിക്കാം. ഓഫിസർമാരുടെ ശരാശരി വർധന 20,000 രൂപ എന്നു കണക്കാക്കിയാൽ 4500 പേരുള്ള ഓഫിസർമാരുടെ സംഘടനയ്ക്കു ലഭിക്കുന്ന തുകയുടെ ഏകദേശ രൂപം ലഭിക്കും.
വാക്സീൻ ചാലഞ്ച് എന്ന പേരിൽ നേരത്തെ ജീവനക്കാരിൽനിന്നു പണം പിരിച്ചിരുന്നു. കേന്ദ്രം കോവിഡ് വാക്സീൻ സൗജന്യം ആക്കിയെങ്കിലും അതിന്റെ പേരിൽ പിരിച്ചെടുത്ത ഈ തുക എന്തു ചെയ്യുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വൈദ്യുതി ബോർഡിൽ ആകെ 32,000 ഉദ്യോഗസ്ഥരാണ് ഉള്ളത്. ഓരോ 5 വർഷം കൂടുമ്പോഴും ശമ്പളം പരിഷ്കരിക്കണം. ഇത്തവണത്തെ ശമ്പള പരിഷ്കാരം 2018 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണു നടപ്പാക്കിയത്. പുതുക്കിയ ശമ്പളം മേയ് ഒന്നു മുതൽ ലഭിച്ചു തുടങ്ങി. കുടിശിക തുക വിതരണം ചെയ്തു തുടങ്ങിയിട്ടില്ല. അതു ലഭിക്കുമ്പോൾ വേറെ ഏതൊക്കെ പിരിവുകൾ വരുമെന്ന ആശങ്കയിലാണു ജീവനക്കാർ. എന്നാൽ എല്ലാ ശമ്പള പരിഷ്കരണം കഴിയുമ്പോഴും ഇങ്ങനെ പിരിക്കുന്നതു പതിവാണെന്നും ഇതിൽ പുതുമ ഇല്ലെന്നുമാണു സിപിഎം സംഘടനകളുമായി അടുപ്പമുള്ളവർ പറയുന്നത്.