ആലപ്പുഴ: ഇന്ന് ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ താലൂക്കിലെ തിരുവന്‍വണ്ടൂര്‍ ഗവ. എച്ച്.എസ്.എസ്, ഇരമല്ലിക്കര ഹിന്ദു യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ഗവ.എച്ച്.എസ്.എസിലെ ക്യാമ്പില്‍ 14 കുടുംബങ്ങളിലെ 46 പേരും ഇരമല്ലിക്കര ഹിന്ദു യു.പി. സ്‌കൂളില്‍ 27 കുടുംബങ്ങളിലെ 95 പേരുമാണുള്ളത്. ക്യാമ്പിലെ അന്തേവാസികളില്‍ നിന്ന് കളക്ടര്‍ സ്ഥിതി ഗതികള്‍ ചോദിച്ചറിഞ്ഞു. അടുക്കള, താമസ സ്ഥലം എന്നിവയും കളക്ടര്‍ പ്രത്യേകം നോക്കികണ്ടു. ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം, ശുദ്ധജലം, കുടിവെള്ളം, മരുന്ന്, മികച്ച ശുചിമുറി സൗകര്യം എന്നിവ ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൈദ്യ സഹായം നല്‍കുന്നതിനായി ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സജന്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ സജു ഇടക്കല്ലില്‍, ശ്രീവിധ്യ സുരേഷ്, നിഷ, രാജ്കുമാര്‍, തഹസില്‍ദാര്‍ എം. ബിജുകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഗോപീകൃഷ്ണന്‍, വില്ലേജ് ഓഫീസര്‍ ആര്‍.ഐ. സന്ധ്യ, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു. കാര്‍ത്തികപ്പള്ളി താലൂക്കിലെ പെരുമാങ്കര പാലവും ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു. പാലത്തിനടിയില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നേരത്തെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ പ്രവൃത്തികള്‍ വിലയിരുത്താനാണ് കളക്ടര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
കിഴക്കന്‍ വെള്ളം ഇതുവഴിയാണ് തോട്ടപ്പള്ളി സ്പില്‍വേയിലൂടെ കടലിലേക്ക് ഒഴുക്കി വിടുന്നത്. പാലത്തിനടിയിലെ മാലിന്യ നീക്കം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ സജീവ് കുമാര്‍ എന്നവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.