പത്തനംതിട്ട : കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. കഴിഞ്ഞ 29 ന് പത്തനംതിട്ട കുലശേഖരപതിയിലെ ഹോട്ടല്‍ ഉല്‍ഘാടനവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സാഹചര്യങ്ങളില്‍ ക്വാറന്റയിനില്‍ പോകുവാന്‍ മടിയില്ലെന്നും എന്നാല്‍ ഇവിടെ കോവിഡ് രോഗിയുമായി തനിക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും പി.ബി നൂഹ് പറഞ്ഞു.
കഴിഞ്ഞ 29 ന് ഉച്ചക്ക് 12 മണിക്കായിരുന്നു ഉദ്ഘാടനം. ജില്ലാ കളക്ടര്‍ ആയിരുന്നു ഉത്ഘാടകന്‍. പരിപാടിക്ക് എത്തുന്നതിനു മുമ്പ് തന്നെ കളക്ടര്‍ പരിപാടി സ്ഥലത്ത് എത്രപേര്‍ ഉണ്ടെന്ന് അന്വേഷിച്ചിരുന്നു. അഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ താന്‍ എത്തില്ലെന്നും ഹോട്ടല്‍ ഉടമകളെ അറിയിച്ചിരുന്നു. കളക്ടര്‍ എത്തിയപ്പോള്‍ ഹോട്ടല്‍ ഉടമകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഉത്ഘാടന സമയത്ത് കളക്ടര്‍ ഉള്‍പ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. ഫോട്ടോയില്‍ ഇക്കാര്യം വ്യക്തവുമാണ്. കളക്ടര്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് താന്‍ എത്തിയതെന്നും കോവിഡ് സ്ഥിരീകരിച്ച യുവാവ് അവിടെയെങ്ങും ഉണ്ടായിരുന്നില്ലെന്നും എ. സഗീര്‍ പറഞ്ഞു. നാട മുറിച്ച് അകത്തുകയറിയ കളക്ടര്‍ ഉള്‍വശം കണ്ട് ഉടനെ തിരിച്ചിറങ്ങുകയും ചെയ്തെന്നും കഷ്ടിച്ച് മൂന്നു മിനിട്ടാണ് കളക്ടര്‍ അവിടെ ചെലവഴിച്ചതെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍ എ. സഗീര്‍ വ്യക്തമാക്കി. കളക്ടര്‍ പോയതിനു പിന്നാലെ താനും അവിടെനിന്നും പോയെന്ന് അദ്ദേഹം പറയുന്നു. ഹോട്ടലിനുള്ളില്‍ കളക്ടറും ഹോട്ടല്‍ ഉടമകളുമായി നിന്നു സംസാരിക്കുന്ന ചിത്രത്തിലും കാര്യങ്ങള്‍ വ്യക്തമാണ്. ഈ ചിത്രത്തില്‍ കളക്ടര്‍ പി.ബി നൂഹിനൊപ്പം കൌണ്‍സിലര്‍ എ. സഗീറും ഹോട്ടല്‍ ഉടമകളുമുണ്ട്. കൂടാതെ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച യുവാവിനോട് സാമ്യമുള്ള മറ്റൊരാളുമുണ്ട്. നഗരത്തിലെ ഹഫ്സ മെഡിക്കല്‍ സ്റ്റോറിലെ അബ്ദുല്‍ ബാസിത് സലാവുദീന്‍ ആണ് ഈ യുവാവ്. ഇതാണ് തെറ്റിദ്ധാരണക്ക് ഇടനല്കിയത്.
ജൂണ്‍ 29 ന് നടന്ന ഹോട്ടലിന്റെ ഉത്ഘാടനത്തില്‍ കളക്ടറോടൊപ്പം താന്‍ പങ്കെടുത്തുവെന്ന കാര്യം ഇന്നലെ കോവിഡ് സ്ഥിരീകരിച്ച യുവാവും പൂര്‍ണ്ണമായി നിഷേധിച്ചു. ഉത്ഘാടനത്തിന്റെ തലേദിവസം അവിടെ പോയിരുന്നെന്നും എന്നാല്‍ ഉത്ഘാടന ദിവസമോ പിന്നീട് നാളിതുവരെയോ പുതിയ ഹോട്ടലില്‍ താന്‍ പോയിട്ടില്ലെന്നും മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവുകൂടിയായ യുവാവ് പറഞ്ഞു. ജൂണ്‍ 29 ന് താന്‍ മുഴുവന്‍ സമയവും തന്റെ പിതാവിന്റെ ബേക്കറിയില്‍ ഉണ്ടായിരുന്നെന്നും അന്ന് തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ജൂലൈ രണ്ടാം തീയതി രാത്രിയാണ് പനിയും വിറയലും ഉണ്ടായതിനെതുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പോയത്. രാത്രിയില്‍ കുത്തിവെപ്പ് എടുത്ത് തിരികെ പോന്നു. പിറ്റേദിവസം തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോയി. അവിടെ കൊവിഡ് പരിശോധനക്ക് സ്രവം നല്‍കി തിരികെ വീട്ടില്‍ വന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് പരിശോധനാഫലം പോസിറ്റീവ് എന്നറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും ക്വാറന്റയിനില്‍ പോകണമെന്നുമുള്ള ആരോപണങ്ങളുമായി ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഹോട്ടല്‍ ഉടമകളും പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച യുവാവ് ഉത്ഘാടന ദിവസം അവിടെ എത്തിയിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഹോട്ടലിന്റെ ഉദ്ഘാടനം നടത്തിയതെന്നും ഇവര്‍ പറഞ്ഞു.