തിരുവനന്തപുരം : മൂന്ന് സ്വാശ്രയ കൊളേജുകള്‍ക്ക് സ്വയംഭരണ പദവിക്ക് വേണ്ടി എന്‍.ഒ.സി നല്‍കിയ സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. സ്വയംഭരണത്തിനെതിരെ സമരം നടത്തിയ സി.പി.എം നേതൃത്വത്തിലുള്ള ഭരണം നടക്കുന്നതിനിടയിലാണ് പഴയനയം സര്‍ക്കാര്‍ മാറ്റിയത്. സര്‍ക്കാരിന്‍റെ നിലപാട് മാറ്റം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ 19 കോളേജുകള്‍ക്ക് സ്വയം ഭരണപദവി നല്‍കിയപ്പോള്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ച സി.പി.എം ഈ സര്‍ക്കാരിന്‍റെ തുടക്കകാലത്തും അതിനെതിരായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നുത്. എന്നാല്‍ ഡോക്ടര്‍ ബി. ഇക്ബാല്‍ നേതൃത്വം നല്‍കുന്ന സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പഴയ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. സാങ്കേതിക സര്‍വ്വകാലാശാലയ്ക്ക് കീഴിലുള്ള സെയിന്‍റ് ഗിറ്റ്സ് ,കാക്കനാട് രാജഗിരി,തിരുവനന്തപുരത്തെ മാര്‍ ബസേലിയോസ് തുടങ്ങിയ കോളേജുകള്‍ക്ക് സ്വയം ഭരണപദവി നല്‍കാന്‍ എന്‍.ഒ.സി നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.
കോളേജുകള്‍ക്ക് സ്വന്തം പാഠ്യപദ്ധതി തയ്യാറാക്കാനും പരീക്ഷ നടത്തിപ്പിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനുമുള്ള അനുമതിയാണ് ലഭിക്കുന്നത്. സ്വയംഭരണ പദവിക്കെതിരെ നേരത്തെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള എസ്.എഫ്.ഐ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. നേരത്തെ സ്വയം ഭരണ പദവി നല്‍കിയ കോളേജുകളുടെ ഭരണത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്ന തരത്തില്‍ നിയമനിര്‍മ്മാണം വേണമെന്നാവശ്യവും എസ്.എഫ്.ഐ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സ്വയം ഭരണത്തിനെതിരെ സമരം നടത്തിയവര്‍ നിലപാട് മാറ്റിയത് രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.