വിവിധ നിറത്തിലുള്ള പാനീയങ്ങൾ കടകളിൽ നിന്ന് വാങ്ങിക്കുടിക്കുന്നത് പലരുടെയും ഒരു പതിവ് രീതിയാണ്. ചില റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ആഹാരം കഴിക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ള പാനീയങ്ങൾ നൽകാറുണ്ട്. എന്നാൽ ഇവ ശരീരത്തിന് വളരെ ദോഷമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആരോഗ്യത്തിന് മുൻഗണന നൽകുന്നവർ ഇത്തരം ശീതളപാനീയങ്ങൾ ഒഴിവാക്കണമെന്ന് ന്യൂയോർക്കിലെ പ്രശസ്ത ഡയറ്റീഷ്യൻ കെയ്ലി ഇവാനിർ പറയുന്നുണ്ട്. വ്യായാമത്തിന് മുൻപുള്ള പാനീയങ്ങൾ, ആൽക്കഹോൾ കോക്ടെയിലുകൾ, സോഡ, ഐസ് ടീ, കോക്ടെയിലുകൾ, കൃത്രിമ മധുര പാനീയങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ പോഷകാഹാര വിദഗ്ദ്ധർ ഉപദേശിക്കുന്നു.
കെയ്ലിയുടെ അഭിപ്രായത്തിൽ വ്യായാമത്തിന് മുൻപ് എനർജി ഡ്രിങ്കുകളും പാനീയങ്ങളും കുടിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കൂടാതെ വ്യായാമത്തിന് മുൻപ് ഇത്തരം പാനീയങ്ങൾ കുടിച്ചാൽ അത് ഓക്കാനം, തലവേദന പോലുള്ളവയ്ക്ക് കാരണമാകും. ചില കോക്ടെയിലുകളിൽ കാണപ്പെടുന്ന മദ്യത്തിന്റെയും ഫ്രക്ടോസ് സിറപ്പിന്റെയും അംശം കരളിന് ദോഷമാണ്. ഐസ് ടീയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് കൂടാതെ നമ്മൾ പുറത്ത് നിന്ന് വാങ്ങുന്ന പല സോഡ പാനീയങ്ങളിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ശീതളപാനീയങ്ങളിൽ ചേർക്കുന്ന കൃത്രിമ മധുരവും സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങളും കുടലിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ.