കോന്നി : കഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പായി കൊന്നപ്പാറ അളിയൻമുക്കിൽ വർഷങ്ങളായി ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിച്ചിരിക്കുകയാണ് അളിയൻമുക്ക് ശാന്തിഭവൻ ഗോപാലകൃഷ്ണൻനായരുടെ തടിക്കട. എട്ടു പതിറ്റാണ്ടിലേറെ പിന്നിടുന്ന ഈ കടക്ക് ഒരുനാട്ടിലെ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ഗോപാലകൃഷ്ണൻനായരുടെ പിതാവ് ലക്ഷ്മി വിലാസം തോപ്പ് മാധവൻപിള്ള 1938 ൽ റേഷൻ കടയ്ക്കുവേണ്ടിയാണ് പൂർണ്ണമായും തേക്കിൽ തീർത്ത തടിക്കട നിർമ്മിക്കുന്നത്. കടയുടെ മേൽക്കൂരയുടെ ഭാഗത്ത് 28 – 6 – 1113 M E എന്ന് രേഖപെടുത്തിയിരിക്കുന്നതും കാണാം.
കഴുക്കോലും ഭിത്തിയും പട്ടികയും എല്ലാം തേക്കിൻ തടിയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. മുകൾ ഭാഗത്ത് ഒരു മുറിയും അറയും കടയുടെ അടിയിൽ ഒരു നിലവറയുമുണ്ട്. കരിങ്കൽ കെട്ടിന് മുകളിൽ നിർമ്മിച്ചിരിക്കുന്ന കടയുടെ മുൻ ഭാഗത്തെ വാതിൽ തുറന്ന് അകത്തു കടന്നാൽ അടിയിലെ നിലവറക്കുള്ളിൽ പ്രവേശിക്കാം. റേഷൻകടയോട് ഒപ്പം തന്നെ സർക്കാരിൽ നിന്നുള്ള തുണി തരങ്ങളും ഇവിടെ വിറ്റിരുന്നു. ആ കാലത്ത് പയ്യനാമൺ കഴിഞ്ഞാൽ കോന്നി തണ്ണിത്തോട് റോഡിലെ പ്രധാന കടയും ഇതായിരുന്നു. പുതു തലമുറക്ക് കേട്ടു മാത്രം പരിചയമുള്ള അളിയൻമുക്കിലെ തടിക്കട ചിതൽ കയറാതെ സംരക്ഷിക്കുകയാണ് ഗോപാലകൃഷ്‌ണൻനായരും കുടുംബവും.