തിരുവനന്തപുരം : നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കർ എ എൻ ഷംസീറിന് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. സ്വകാര്യ സർവകലാശാലാ ദേഭഗതി ബില്ലുമായി ബന്ധപ്പെട്ട് സഭയിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ സമയം നീണ്ടുപോയത് ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്ന് സ്പീക്കറുടെ പേര് പരാമർശിക്കാതെ കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ലീഗ് കോട്ടയായ മലപ്പുറത്ത് നിന്ന് നിയമസഭയിലെത്തിയത് കൊണ്ട് അൽപ്പം ഉശിര് കൂടുമെന്നും കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തിങ്കളാഴ്ച സ്വകാര്യ സർവ്വകലാശാലാ ബില്ലിന്റെ ചർച്ചയ്ക്കിടെയായിരുന്നു കെ ടി ജലീലിനോട് സ്പീക്കർ രൂക്ഷമായി പ്രതികരിച്ചത്. ജലീൽ ചുരുക്കണം. മറ്റുള്ളവരൊക്കെ ഇതുപോലെ സംസാരിക്കാൻ ശേഷിയുള്ളവരായിരുന്നു. അവർ ചെയറിന്റെ അഭ്യർത്ഥന മാനിച്ചിരുന്നു. ഇത് ശരിയല്ല – സ്പീക്കർ അന്ന് വിമർശിച്ചു. ജലീൽ സമയപരിധി പാലിക്കാത്തതും മൈക്ക് ഓഫ് ചെയ്ത ശേഷവും പ്രസംഗം തുടർന്നതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ജലീൽ ചെയറിനെ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും നിർത്താത്തത് ധിക്കാരമാണെന്നും സ്പീക്കർ പറഞ്ഞു.
കെ ടി ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം:
സ്വകാര്യ സർവകലാശാലാ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം ‘ഉശിര്’ കൂടും. അത് പക്ഷെ, ‘മക്കയിൽ’ ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.