മുംബൈ: 12,721 കോടി രൂപയുടെ മുംബൈ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായ ഇരട്ട തുരങ്കപാത നവംബറില്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കടലിനടിയിലെ ആദ്യ ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. മുംബൈ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായാണ് ഇരട്ട തുരങ്കപാത നിര്‍മ്മിക്കുന്നത്. ദക്ഷിണ മുംബൈയെ വടക്കന്‍ മുംബൈയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് മുംബൈ തീരദേശ റോഡ് പദ്ധതി. നിര്‍ദിഷ്ട 2.07 കിലോമീറ്റര്‍ തുരങ്കപാത ഗിര്‍ഗാവ് ചൗപാട്ടിക്ക് സമീപമാണ് നിര്‍മ്മിക്കുന്നത്.
അറബിക്കടലിന് അടിയിലൂടെ പണിയുന്ന പാത ആരംഭിക്കുന്നത് പ്രിയദര്‍ശിനി പാര്‍ക്കിന് സമീപത്ത് നിന്നാണ്. മറൈന്‍ ഡ്രൈവിലെ നേതാജി സുഭാഷ് റോഡിലാണ് ടണല്‍ അവസാനിക്കുന്നത്. 2798 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, വേര്‍ളിയില്‍ നിന്ന് ഗിര്‍ഗാവിലേക്ക് പത്തുമിനിറ്റ് കൊണ്ട് എത്താന്‍ സാധിക്കും.