തിരുവല്ല : പ്രശസ്ത കഥകളി ചെണ്ട ആചാര്യൻ ആയാംകുടി കുട്ടപ്പമാരാരുടെ സ്മാരക പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ആയാംകുടി കുട്ടപ്പമാരാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഒന്നാം വർഷ അനുസ്മരണസമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്തു. പ്രശസ്ത കഥകളി നടൻ സദനം കൃഷ്ണൻകുട്ടി, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ എന്നിവർ ചേർന്ന് പുരസ്‌കാര വിതരണം നടത്തി. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ സ്ഥാപിക്കാനായി ചിത്രകാരൻ സി.പി.പ്രസന്നൻ വരച്ച ഛായാചിത്രം മാത്യു ടി.തോമസ് എം.എൽ.എ. അനാച്ഛാദനം ചെയ്തു. ശ്രീനിവാസൻ ഐ.എ.എസ്, കലാനിലയം ഉണ്ണികൃഷ്‌ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന വാദ്യാചാര്യ പുരസ്‌കാരം സദനം വാസുദേവനും 10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന യുവ കലാപ്രതിഭയ്ക്കുള്ള വാദ്യശ്രീ പുരസ്‌കാരം രഹിത കൃഷ്ണദാസിനും സമ്മാനിച്ചു. ശനിയാഴ്ച മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കുറൂർ വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രതാപചന്ദ്രവർമ, കെ.പ്രകാശ്ബാബു, അഡ്വ. വി.ആർ.സുധീഷ്, തിരുവല്ല ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റ് ആർ.പ്രസന്നകുമാർ, സെക്രട്ടറി വിനു കണ്ണഞ്ചിറ, ഉണ്ണികൃഷ്ണൻ വസുദേവം, ആയാംകുടി ഉണ്ണികൃഷ്ണൻ, വേണു വെള്ളിയോട്ടില്ലം എന്നിവർ പ്രസംഗിച്ചു. അനുസ്മരണ പരിപാടികൾ ശ്രീവല്ലഭക്ഷേത്രത്തിലെ കളിയരങ്ങിൽ ഉത്തരാസ്വയംവരം കഥകളിയാടി സമാപിച്ചു.