കൊച്ചി: ബാങ്കിൽ കമ്മിഷൻ വ്യവസ്ഥയിൽ നിക്ഷേപ കളക്‌ഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്നവർക്ക് ഗ്രാറ്റ്വിറ്റിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ (ഇപ്പോൾ കേരള ഗ്രാമീൺ ബാങ്ക്) നിക്ഷേപ കളക്‌ഷൻ ഏജന്റിന് ഗ്രാറ്റ്വിറ്റി നൽകണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഗ്രാറ്റ്വിറ്റി നൽകണമെന്ന ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ കളക്‌ഷൻ ഏജന്റായിരുന്ന പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ കോഴിക്കോട് സ്വദേശിനി വി.ടി. രാധയും മക്കളും ചേർന്നു നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കുഞ്ഞിരാമൻ നായർ 30 വർഷം കമ്മിഷൻ ഏജന്റായി പ്രവർത്തിച്ചിരുന്നു.
സർവീസിൽനിന്ന് പിരിയുമ്പോൾ മാസം 8000 രൂപയാണ് കമ്മിഷനായി ലഭിച്ചിരുന്നത്. ഹർജിക്കാരി നൽകിയ അപേക്ഷയിൽ 1.38 ലക്ഷം രൂപ ഗ്രാറ്റ്വിറ്റിയായി നൽകാൻ കൺട്രോളിങ് അതോറിറ്റി ഉത്തരവായി. ഇതിനെതിരേ ബാങ്ക് അപ്പീൽ നൽകിയെങ്കിലും ഗ്രാറ്റ്വിറ്റി നൽകാനുള്ള ഉത്തരവ് അപ്പീൽ അധികാരി ശരിവെയ്ക്കുകയും ചെയ്തു.