നൈനിറ്റാള്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നൈനിറ്റാളില്‍ വര്‍ഗീയ സംഘര്‍ഷം. മുസ്ലിമായ പ്രതി ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ബിജെപി നേതാക്കളടക്കം പ്രചാരണം നടത്തിയതാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഏപ്രില്‍ 30ന് രാത്രി ബാരാ ബസാറിലെ മുസ്‌ലിംകളുടെ കടകള്‍ 40ഓളം വരുന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കടയുടെ മുന്നിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചെറിയുകയും മുസ്‌ലിംകളായ കടയുടമകളെ അതിക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
അക്രമികള്‍ ഗാഡി പടവ് മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ക്കുകയും മുസ്‌ലിംകളുടെ പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ ഇഷ്ടികകളും കല്ലുകളുമെറിഞ്ഞതായും പോലീസ് പറഞ്ഞു. ആക്രമണത്തില്‍ നിരവധി വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു. അല്‍ റഹീം റെസ്റ്റോറന്റില്‍ നിന്നും രണ്ടുപേരെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുന്നതായും വീഡിയോ വന്നിരുന്നു. മര്‍ദനമേറ്റ രണ്ട് പേരും നഗരം വിട്ടുപോയതായാണ് വിവരം. സബ് ഇന്‍സ്‌പെക്ടര്‍ ആസിഫ് ഖാന് നേരേയും ആക്രമണമുണ്ടായതായ ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകൾ. ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച എസ്‌ഐയെ ആള്‍ക്കൂട്ടം യൂണിഫോമില്‍ കയറിപ്പിടിച്ച് കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വിവിധ ആക്രമണങ്ങളിലായി തിരിച്ചറിയാത്ത 25-30 ആളുകള്‍ക്കെതിരെ പ്രാദേശിക പോലീസ് കേസെടുത്തിട്ടുണ്ട്. ഹിന്ദുക്കള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് ‘നിങ്ങളുടെ രക്തം ഇനിയും തിളക്കുന്നില്ലെങ്കില്‍ അത് രക്തമല്ല വെള്ളമാണ്’, ‘ജയ്ശ്രീറാം’,’ഹര ഹര മഹാദേവ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പ്രതിഷേധക്കാരോട് ചോദ്യങ്ങളുയര്‍ത്തിയ ഷൈല ത്യാഗിയുടെ ദൃശ്യങ്ങളും ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയ പ്രതിഷേധക്കാരോട് ഐക്യത്തെക്കുറിച്ചും സഹവര്‍ത്തിത്വത്തെ കുറിച്ചും സംസാരിച്ച ഈ ഹിന്ദു യുവതിക്ക് നേരെ ബലാത്സംഗ ഭീഷണിയടക്കമുള്ളതായി റിപ്പോര്‍ട്ടുണ്ട്.
മുസ്‌ലിംകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരെന്നാണ് പ്രാദേശിക ബിജെപി നേതാവ് മനോജ് ജോഷി ആരോപിച്ചത്. അധികാരികളുമായി സംസാരിച്ചിട്ടുണ്ടെന്നും പീഡനക്കേസിലെ പ്രതിയുടെ വീട് അനധികൃതമായി നിര്‍മിച്ചതായതിനാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തകര്‍ക്കുമെന്നും ജോഷി പറഞ്ഞു. എന്നാല്‍ വീട് പൊളിക്കാനുള്ള മുനിസിപ്പല്‍ കോര്‍പറേഷന്റെ നോട്ടീസിന് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് അനധികൃത നിര്‍മാണമാണെന്ന് തിരിച്ചറിഞ്ഞതെന്ന് കോടതി ചോദിച്ചു. 15 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ചതായി മുനിസിപല്‍ കോര്‍പറേഷന്‍ സമ്മതിക്കുകയും നോട്ടീസ് പിന്‍വലിക്കുകയും ചെയ്തു.