തിരുവനന്തപുരം: സാമൂഹിക അടുക്കളയില്‍ അനാവശ്യ ഇടപെടലുകളുണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇതു പൂര്‍ണമായും ഒഴിവാക്കണമെന്നും കിച്ചണില്‍ ആവശ്യമായ, നിയോഗിക്കപ്പെട്ട ആളുകള്‍ മാത്രമേ ഉണ്ടാകാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തോന്നിയപോലെ സാമുഹിക അടുക്കള തുടങ്ങാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിറ്റി കിച്ചണില്‍നിന്ന് ആര്‍ക്കൊക്കെ ഭക്ഷണം നല്കണമെന്നതു മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം. ഏതെങ്കിലും പ്രത്യേക താത്പര്യം വച്ച് കുറച്ചുപേര്‍ക്ക് ഭക്ഷണം കൊടുത്തുകളയാം എന്നു കരുതരുത്. ആരും പട്ടിണി കിടക്കാന്‍ പാടില്ല. പ്രത്യേക കാരണങ്ങള്‍ ഉള്ളവരെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. ഇഷ്ടക്കാര്‍ക്കു കമ്മ്യൂണിറ്റി കിച്ചണില്‍നിന്നു ഭക്ഷണം കൊടുക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണം. തദ്ദേശസ്വയംഭരണ വകുപ്പ് ഇതു നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാമൂഹിക അടുക്കളയില്‍ സാധനത്തിന്റെ കുറവുണ്ടായി പൂട്ടുന്നു എന്ന് കോട്ടയത്തുനിന്നു വാര്‍ത്ത വന്നിരുന്നു. കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീര്‍ന്നു എന്നതായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അഞ്ചുകോടി രൂപ അവരുടെ അക്കൗണ്ടില്‍ മിച്ചമുണ്ട്. കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തുന്നത് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്നത് ചുമതലയായി കാണണം. ഫണ്ടിന്റെ ദൗര്‍ലഭ്യം ഉണ്ടാകില്ല. ആവശ്യത്തിനു പണം ചെലവഴിക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മൂന്നു ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് വെള്ളിയാഴ്ച കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കിയത്. ഇതു കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതലാണ്. അതുകൊണ്ട് അര്‍ഹതയുള്ളവര്‍ക്കു മാത്രം ഭക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.