തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളിലാണ് ഇത്തരം പ്രവണതകള്‍ കാണുന്നതെന്നും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത് കമ്മ്യൂണിറ്റി കിച്ചനിന്റെ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ വേണ്ടിയായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയാവണം കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം. അതല്ലാതെ ഏതെങ്കിലും കൂട്ടര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ മത്സര ബുദ്ധിയോടെ ഇടപെടും. അത് ശരിയല്ലെന്നും ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളേയും ജനപ്രതിനിധികളേയും തൊഴിലാളികളേയും ജീവനക്കാരേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചന്‍ ഇവരുടെ നേതൃത്വത്തില്‍ നല്ല നിലക്കാണ് പ്രവര്‍ത്തനം നടത്തുന്നത്. ധാരാളം വ്യക്തികളും സംഘടനകളും സാധങ്ങളും സംഭാവനകളും നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അപൂര്‍വ്വം ചില ഇടങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ അവസാനിക്കുന്നില്ലെന്നും ഇതൊഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇതുവരേയും 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 178 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 86 പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും 15683 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 14829 എണ്ണത്തിന് രോഗ ബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവില്‍ ഇതുവരേയും തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ ഉണ്ടാവുമെന്ന് നേരത്ത് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊറോണ പൂര്‍ണ്ണമായും ഭേദമായാല്‍ മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയുള്ളൂവെന്നും മനുഷ്യ ജീവനമാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ ഹോട്ട്‌സ്‌പോര്‍ട്ടായി തുടരുന്ന മേഖലകളില്‍ ഏപ്രില്‍ മുപ്പത് വരെ നിയന്ത്രണം തുടരണമെന്നും അല്ലാത്ത ജില്ലകളില്‍ ചിലയിളവുകള്‍ അനുവദിക്കണമെന്നുമായിരുന്നു കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ച ആവശ്യം. ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയേക്കും. ലോക്ക്ഡൗണ്‍ മൂലമുണ്ടാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വ്യാവസായ മേഖലകള്‍ ഭാഗികമായി തുറന്നേക്കുമെന്നാണ് സൂചന. എന്നാല്‍ തീവണ്ടി, വിമാന സര്‍വ്വീസുകള്‍ അനുവദിച്ചേക്കില്ല.