തിരുവനന്തപുരം: കേരളത്തില്‍ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം സമൂഹവ്യാപനം നടന്നിട്ടില്ലെന്നും എന്നാല്‍ പുറത്തുനിന്ന് ആളുകള്‍ വരികയും പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതുവരെയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സമൂഹ വ്യാപനത്തെ ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വന്‍തോതില്‍ സാമൂഹവ്യാപനം ഉണ്ടായതായി കാണാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പത്തു ശതമാനം ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇത് അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേസമയം 30 ശതമാനത്തില്‍ കൂടുതലായാല്‍ വളരെയേറെ ഭയക്കണം. നിലവില്‍ അത്തരമൊരു സാഹചര്യമില്ല എന്നതാണ് ആശ്വാസകരം. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിലും 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം വ്യാപിച്ചത്.
വിപത്ത് വരുമ്പോള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. ചെറിയ ബുദ്ധിമുട്ടുകള്‍ പോലും പ്രതിപക്ഷം പര്‍വതീകരിക്കുകയാണ്. പ്രതിപക്ഷം ഇത്രയ്ക്ക് ബാലിശമാകരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഈ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വിമാനത്തില്‍ രോഗിയുണ്ടെങ്കില്‍ ഒന്നിച്ചുള്ള യാത്രയില്‍ മറ്റുള്ളവര്‍ക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. സുരക്ഷ മുന്‍ നിര്‍ത്തിയാണ് പരിശോധന. കേരളം അടക്കം 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ചയെ ഉണ്ടാകുകയുള്ളു. കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെന്നും കെ.കെ. ശൈലജ പറഞ്ഞു.