ബംഗളൂരു: ബുധനാഴ്ച ബംഗളൂരുവിൽ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി. മണിക്കൂറുകൾ കുരുക്കിൽപ്പെട്ട് വാഹനങ്ങൾ പലതും തകരാറിലായി. നഗരത്തിലെ ഔട്ടർ റിംഗ് റോഡ് (ORR) പ്രദേശത്താണ് ഏറ്റവും വലിയ കുരുക്കുണ്ടായത്. അഞ്ച് മണിക്കൂറിലേറെയാണ് ആളുകൾ അവിടെ കുടുങ്ങിക്കിടന്നത്. കർഷകരുടെയും കന്നഡ സംഘടനകളുടെയും സംഘടനയായ കർണാടക ജല സംരക്ഷണ സമിതി ബന്ദിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവം. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
എക്സിൽ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്. ഓഫീസുകളിലേക്കോ വീട്ടിലേക്കോ പോകുന്ന വഴിയിൽ മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിയതായി അവർ പറഞ്ഞു. രാത്രി 9 മണിക്ക് മുമ്പ് ഓഫീസിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഔട്ടർ റിംഗ് റോഡ്, മാറത്തഹള്ളി, സർജാപുര, സിൽക്ക്ബോർഡ് റൂട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ മറ്റുള്ളവരോട് നിർദ്ദേശിച്ചു. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് കാരണം മിക്ക സ്കൂൾ കുട്ടികളും രാത്രി 8 മണിക്കാണ് വീട്ടിലെത്തിയത്. ഫുട്പാത്തിലൂടെയാണ് മിക്ക ഇരുചക്രവാഹനങ്ങൾ ഓടിയത്. ഇത് കാൽനടയാത്രക്കാരെയും കഷ്ടത്തിലാക്കി.