കോന്നി : സാന്ത്വന പ്രവർത്തനം പ്രതിബദ്ധതയായി സമൂഹം ഏറ്റടുക്കണമെന്ന് ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ പറഞ്ഞു. കോന്നി ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലോക പാലിയേറ്റീവ് ദിനാചരണവും സമ്പൂർണ സാന്ത്വന പരിചരണ പ്രഖ്യാപനവും കോന്നി പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സമൂഹത്തിൽ കിടപ്പുരോഗികളായി ഒറ്റപ്പെട്ട് പോകുന്നവരെ ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ ജില്ലയിൽ ഏറ്റവുമധികം മാതൃകാപരമായ സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്ന ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണന്ന് കളക്ടർ പറഞ്ഞു.
സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരി പി.ജെ.അജയകുമാർ സമ്പൂർണ സാന്ത്വന പരിചരണ പ്രഖ്യാപനം നടത്തി. കിടപ്പുരോഗികളുടെ പുതിയ ലിസ്റ്റ് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപ് ഏറ്റുവാങ്ങി. എ.സുനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ക്ഷേമ ശേഖർ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭാ മുരളി, കെ.എസ്.ശശികുമാർ, സൊസൈറ്റി സെക്രട്ടറി വി.ശ്രീകുമാർ, ജോയിൻ്റ് സെക്രട്ടറി ടി.രാജേഷ് കുമാർ എന്നിവര്‍ സംസാരിച്ചു.




























