റാന്നി : പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിന് പുറത്ത് മാലിന്യങ്ങൾ കത്തിക്കുന്നതായി പരാതി. ഇതുകാരണം ഇട്ടിയപ്പാറ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ശ്വാസം മുട്ടുന്ന രീതിയിൽ പുക വ്യാപിയ്ക്കുകയാണ്. പുക കാരണം യാത്രക്കാർക്കും വ്യാപാരികൾക്കും അസ്വസ്ഥത ഉണ്ടാകുന്നതായി പരാതി ഉയരുന്നുണ്ട്. മാലിന്യങ്ങൾ ശേഖരിച്ച് ജൈവ, അജൈവ മാലിന്യങ്ങൾ എന്നിവയായി തരം തിരിച്ചു സംസ്കരണം നടത്തുന്ന ഷെഡ്രിംഗ് യൂണിറ്റിന്റെ പരിസരവും സമീപ പ്രദേശങ്ങളും മാലിന്യം കത്തുന്ന പുകപടരുകയാണ്.
പഞ്ചായത്തിലെ ഗ്രീൻ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം പുറത്തിട്ട് പകൽ സമയങ്ങളിൽ കത്തിക്കുന്നതാണ് പതിവ്. ലക്ഷങ്ങൾ മുടക്കിയ സംസ്കരണ, പദ്ധതി നോക്കുകുത്തിയായപ്പോൾ പഴവങ്ങാടിയിൽ വീണ്ടും മാലിന്യ സംസ്കരണ കേന്ദ്രത്തിന് പുറത്ത് കൂട്ടിയിട്ട് മാലിന്യം കത്തിക്കൽ നടക്കുകയാണ്. താലൂക്കിലെ പ്രധാന ടൗണായ ഇട്ടിയപ്പാറയിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നുള്ള പരാതിയുടേയും പ്രധിഷേധത്തിന്റെയും ഒടുവിൽ ലക്ഷങ്ങൾ മുടക്കി വിവിധ ഘട്ടങ്ങളിലായാണ് സംസ്കരണ കേന്ദ്രം പ്രവർത്തനക്ഷമമായത്. കഴിഞ്ഞ പത്തു വർഷക്കാലമായി സംസ്കരണ കേന്ദ്രത്തിന് പണം മുടക്കുകയും വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തങ്കിലും മാലിന്യങ്ങൾ പുറത്ത് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു പതിവ്. പുതിയ പഞ്ചായത്ത് ഭരണസമിതി മാലിന്യപ്രശ്നം ഗൗരവകരമായി കണക്കിലെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.