പത്തനംതിട്ട : മലയാലപ്പുഴ വില്ലേജിൽ സർക്കാർ പുറമ്പോക്ക് ഭൂമി അയൽവാസികൾ കയ്യേറിയതായും കയ്യേറ്റം തിട്ടപ്പെടുത്താൻ സർവ്വേയറുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോന്നി താലൂക്ക് തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മലയാലപ്പുഴ വില്ലേജിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റം നടക്കുന്നുവെന്നു കാണിച്ചു ലഭിച്ച വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ റഷീദ് ആനപ്പാറ മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ലാൻഡ് റവന്യൂ കമ്മീഷണർ, എന്നിവർക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിൽ പ്രകാരമുള്ള റിപ്പോർട്ടിനു തഹസിൽദാർ നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.
പരാതിക്ക് ആസ്പദമായ സ്ഥലം മലയാലപ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ എട്ടിൽ പെട്ട 41.00 ആര്‍ സ്ഥലം ബി ടി ആർ പ്രകാരം പുറമ്പോക്ക് ഭൂമിയാണ്. ഈ പാറപ്പുറമ്പോക്ക് ഭൂമി സമീപ വസ്തു ഉടമകൾ കയ്യേറിയിട്ടുണ്ട്. കയ്യേറ്റം തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സർവേയറുടെ സേവനം ആവശ്യപ്പെട്ട് 3.11.2023 ൽ കോന്നി താലൂക്ക് തഹസിൽദാർക്ക് കത്ത് നൽകിയിട്ടുള്ളതാണ്. മലയാലപ്പുഴ വില്ലേജ് ഓഫീസറുടെ 3. 11.2023 ലെ റിപ്പോർട്ട് പ്രകാരം ഈ സർക്കാർ പുറമ്പോക്ക് ഭൂമിയുടെ അതിർത്തി നിർണയിക്കുന്നത് സംബന്ധിച്ച് സർവ്വേ സെക്ഷനിൽ ഫയൽ ഉള്ളതാണെന്നും പുറമ്പോക്കിന്റെ അതിർത്തി നിർണയിച്ചു തരാൻ താലൂക്ക് സർവ്വയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തഹസിൽദാർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അയൽവാസികളായ ഇന്ദിരാമ്മ, കൃഷ്ണപിള്ള, കുട്ടൻപിള്ള, പുരുഷോത്തമൻ എന്നിവരാണ് പുറമ്പോക്ക് ഭൂമി കയ്യേറിയതെന്നു റഷീദ് ആനപ്പാറയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.