തിരുവനന്തപുരം: നടന്‍ അലന്‍സിയര്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പോലീസില്‍ പരാതി. തിരുവനന്തപുരം റൂറല്‍ എസ് പി ഡി. ശില്പയ്ക്കാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കെയാണ് പുതിയ സംഭവം.
നേരത്തെ അലന്‍സിയര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാനും വനിത കമ്മീഷന്‍ അധ്യക്ഷയും അടക്കം രംഗത്തെത്തിയിരുന്നു. അലന്‍സിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമാണെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. പുരസ്‌കാര സമര്‍പ്പണ വേദിയില്‍ അലന്‍സിയര്‍ പറഞ്ഞത് തീര്‍ത്തും വിലകുറഞ്ഞ വാക്കുകളാണ്. സാസ്‌കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.