തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തിനായി ഓൺലൈൻ ടോക്കൺ എടുക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പിനെതിരെ വ്യാപക പരാതി. ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചവരിലധികവം മോശം അനുഭവമാണ് പങ്കുവെക്കുന്നത്.
രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നില്ല. ഒ.ടി.പി ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. പ്ലേസ്റ്റോറിൽ ആപ്പ് എത്തിയിട്ടുണ്ടെങ്കിലും സെർച്ചിൽ ലഭ്യമാകുന്നില്ല. ആപ്പ് നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവിൽ ആപ്പ് ആളുകൾ ലോഡ് ചെയ്യുന്നത്. പ്ലേസ്റ്റോറിൽ ബെവ് ക്യൂ ആപ്പിന്റെ പ്രതികരണ ബോക്സ് നിറയെ ആളുകളുടെ പ്രതിഷേധ അഭിപ്രായങ്ങളാണ്.
ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചുപൂട്ടിയ സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ ഇന്നുമുതലാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. ബെവ്ക്യൂ (BevQ) മൊബൈൽ ആപ് വഴിയും എസ്.എം.എസിലൂടെയും മദ്യം വാങ്ങാനുള്ള ടോക്കൺ എടുത്തവർക്ക് മാത്രമെ മദ്യം നൽകൂ. വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം. മദ്യവിൽപനശാലയിലെ ക്യൂവിൽ ഒരേ സമയം അഞ്ചുപേർക്ക് മാത്രമേ നിൽക്കാനാവൂ. പോലീസിന്റെ കടുത്ത നിയന്ത്രണവും ഉണ്ടാകും.
മദ്യം വാങ്ങാൻ ഇനി കൃത്യസമയം പാലിക്കണം. ടോക്കണിൽ നൽകിയിട്ടുള്ള സമയത്തുതന്നെ എത്തണം. വൈകി വരുന്നവർക്ക് മദ്യം ലഭിക്കില്ല. അടുത്ത ബുക്കിങ് വേണ്ടിവരും. നാലുദിവസം കഴിഞ്ഞുമാത്രമേ വീണ്ടും മദ്യം വാങ്ങാൻ കഴിയൂ. ടോക്കൺ ഇല്ലാത്തവർക്ക് മദ്യം നൽകില്ല.
സാധാരണ ഫോണുകൾ ഉള്ളവർക്ക് എസ്.എം.എസ്. വഴി മദ്യം വാങ്ങുന്നതിന് ടോക്കൺ എടുക്കാം. മദ്യത്തിനും ബിയറിനും പ്രത്യേക ബുക്കിങ് കോഡുകളാണ്. വിദേശമദ്യം വാങ്ങണമെങ്കിൽ BL എന്ന് ഇംഗ്ലീഷിൽ ടൈപ്പുചെയ്ത് ഒരു സ്പേസ് വീതം അകലം നൽകി പിൻകോഡ്, പേര് എന്നിവ രേഖപ്പെടുത്തി എസ്.എം.എസ്. അയയ്ക്കണം.
ബിയർ, വൈൻ എന്നിവ വാങ്ങുന്നതിന് BW എന്ന കോഡാണ് ആദ്യം നൽകേണ്ടത്. ഇതിനുശേഷം ഒരു സ്പേസിട്ട് പിൻകോഡും പേരും ടൈപ്പ് ചെയ്യണം. എസ്.എം.എസ്. അയച്ചുകഴിഞ്ഞാലുടൻ ബുക്കിങ് ഉറപ്പുവരുത്തി മെസേജ് ലഭിക്കും. അതിൽ പറയുന്ന സമയത്ത് കടയിലെത്തി മദ്യം വാങ്ങണം.
ആപ് ഉപയോഗിക്കേണ്ടവിധം
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽനിന്നും BevQ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഉപഭോക്താവിന്റെ പേര്, മൊബൈൽ നമ്പർ, ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിൻകോഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. മൊബൈലിലേക്ക് വരുന്ന ഒറ്റത്തവണ പാസ് വേഡ് നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
ഷോപ്പുകളിൽ അനുവദനീയമായ സമയം അറിയാനാകും. ഇതനുസരിച്ച് ബുക്ക് ചെയ്യാം. സ്ഥിരീകരിച്ചാൽ ക്യൂ.ആർ. കോഡ്, ടോക്കൺ നമ്പർ, ഔട്ട് ലെറ്റിന്റെ വിവരങ്ങൾ, സമയക്രമം എന്നിവ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്പോൾ ബുക്കിങ്ങിനുപയോഗിച്ച മൊബൈൽ ഹാജരാക്കണം. ആപ്പിൽ ലഭിച്ചിട്ടുള്ള ടോക്കണിന്റെ സാധുത പരിശോധിക്കാനുള്ള സംവിധാനം മദ്യവിൽപ്പന കേന്ദ്രങ്ങളിലുണ്ട്.
തിരിച്ചറിയൽ കാർഡ് നിർബന്ധം
മദ്യം വാങ്ങാനെത്തുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതണം. വോട്ടേഴ്സ് ഐ.ഡി., ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയാണ് അംഗീകൃത രേഖകൾ.