ആലപ്പുഴ: ഭാര്യയോട് തട്ടിക്കയറിയെന്നും അവഹേളിച്ചെന്നും ആരോപിച്ച് ആലപ്പുഴ നോര്‍ത്ത് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ജയില്‍ ഡി.ഐ.ജിയുടെ പരാതി. ജയില്‍ ആസ്ഥാന ഡി.ഐ.ജി എം.കെ. വിനോദ് കുമാറാണ് സ്‌കൂട്ടറില്‍ വന്ന തന്‍റെ ഭാര്യയെ തടഞ്ഞുനിര്‍ത്തി ആലപ്പുഴ നോര്‍ത്ത് എസ്.ഐ മോശമായി പെരുമാറിയെന്ന് ആലപ്പുഴ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ആലപ്പുഴ കോമളപുരം റോഡ്മുക്കിലാണ് ഡി.ഐ.ജിയുടെ വീട്. ബുധനാഴ്ച രാവിലെ 11.45ഓടെ തന്റെ ഭാര്യ ഹസീന സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് വരുമ്പോള്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ ഗുരുപുരം ജങ്ഷനു സമീപം വെച്ച് ആലപ്പുഴ നോര്‍ത്ത് എസ്.ഐ മനോജ് തടഞ്ഞുനിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടു. രോഗ ബാധിതയായ അമ്മക്ക് മരുന്ന് വാങ്ങാനാണ് ഇരുവരും സ്‌കൂട്ടറില്‍ വന്നത്. ഈ സമയം വാഹനത്തില്‍ രേഖകള്‍ ഉണ്ടായിരുന്നില്ല.
ഭര്‍ത്താവ് ജയില്‍ വകുപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ഐ.ജിയാണെന്നും അദ്ദേഹം വന്നിട്ട് സ്‌റ്റേഷനില്‍ ഹാജരാക്കാമെന്നും പറഞ്ഞത് ചെവിക്കൊള്ളാതെ നേരിട്ട് ഹാജരാക്കണമെന്ന് പറഞ്ഞ് തട്ടിക്കയറുകയും പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് സ്ത്രീ എന്ന പരിഗണന നല്‍കാതെ അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന് സംസാരിക്കാന്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ആരോടും സംസാരിക്കാനില്ലെന്നും എസ്.ഐ നിലപാടെടുത്തു.
”നിങ്ങള്‍ക്കെതിരെ കേസ് എടുത്തുകൊള്ളാം” എന്ന് ഭീക്ഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവം അന്വേഷിച്ചുവരുന്നതായി എസ്.പിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍, സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് എസ്.ഐയെ അവഹേളിക്കുന്ന തരത്തിലുള്ള പദപ്രയോഗം നടത്തിയത് ഡി.ഐ.ജിയുടെ ഭാര്യയാണെന്ന് പോലീസ് പറയുന്നു. ഡി.ഐ.ജിയെ ഫോണില്‍ വിളിച്ച ഭാര്യ എസ്.ഐയെ കുറിച്ച് നാട്ടുകാര്‍ക്ക് മുന്നില്‍ വളരെ മോശമായി പറയുകയും അവഹേളിക്കുകയും ചെയ്തത്രെ. വാഹന പരിശോധനക്കിടെ ഡി.ഐ.ജിയുടെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ ടൂവീലറില്‍ എത്തിയെന്നും രേഖകള്‍ പിന്നീട് ഹാജരാക്കാന്‍ നിര്‍ദേശിക്കുകയുമാണുണ്ടായതെന്നും എസ്.ഐ മനോജ് പറഞ്ഞു.