കോഴിക്കോട്: എം.ടി.എഫ്.ഇ ഉൾപ്പെടുയുള്ള തട്ടിപ്പ് പദ്ധതികൾ പ്രചരിപ്പിക്കുന്ന ഫോക്കസ് ടിവിയെന്ന യൂട്യൂബ് ചാനലിനെതിരെ പരാതി. കമ്പനികളിൽ നിന്ന് പണം വാങ്ങിയാണ് ഓരോ തട്ടിപ്പ് പദ്ധതികളും വലിയ വിജയമായി ആളുകളുടെ മുന്നിലേക്ക് എത്തിക്കുന്നത്. പദ്ധതികൾ പൊട്ടിപോകുമ്പോൾ ആ വീഡിയോകൾ ഒഴിവാക്കുകയും പുതിയവയെ പരിചയപ്പെടുത്തുകയും ചെയ്യും. ഈ യുട്യൂബർക്കെതിരെ നടപടി വേണമന്നാണ് തട്ടിപ്പിന് ഇരയായവരുടെ ആവശ്യം. എം.ടി.എഫ്.ഇ പണമുണ്ടാക്കാൻ കഴിയുന്ന വലിയ പദ്ധതിയായി പരിചയപ്പെടുത്തിയ വീഡിയോ ഇപ്പോൾ ഫോക്കസ് ടിവി എന്ന യുട്യൂബ് ചാനലിൽ ഇല്ല.
എം.ടി.എഫ്.ഇ മുങ്ങിയതോടെ വിഡിയോയും മുക്കി. നിരവധി വിഡിയോകളാണ് എം.ടി.എഫ്.ഇയെ പുകഴ്ത്തി ഈ യുട്യൂബർ ഇട്ടിട്ടുള്ളത്. ഇപ്പോൾ ഹവാന തുടങ്ങി പുതിയ പദ്ധതികളിലേക്കാണ് ഫോക്കസ് ടി വിയുടെ ഫോക്കസ്. മണി ചെയിൻ മാതൃകയിലുള്ള പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും ഇത്തരം തട്ടിപ്പുകളുടെ പ്രമോഷൻസിനും മാത്രമാണ് ഈ യൂട്യൂബ് ചാനലുകൾ പ്രവർത്തിക്കുന്നത്. പദ്ധതിയെ കുറിച്ചോ കമ്പനിയെ കുറിച്ചോ വേണ്ട വിധത്തിൽ അന്വേഷണം പോലും ഇത്തരക്കാർ നടത്തുന്നില്ല. പ്രമോട്ടർമാരിൽ നിന്ന് വലിയ തുകകൾ കൈപ്പറ്റിയാണ് പ്രമോഷൻ നൽകുന്നത്.