പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലാർക്കിനെ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.സി. രാജഗോപാലൻ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കൈയും കാലും തല്ലിയൊടിക്കുമെന്നും വേണ്ടി വന്നാൽ കൊല്ലുമെന്നും മുൻ എംഎൽഎ ഭീഷണി മുഴക്കിയെന്ന് ആറന്മുള പോലീസിൽ ഹെഡ് ക്ലാർക്ക് എസ്. ഷാജി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഷാജിയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് സമരരംഗത്തുമെത്തി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വിവരാവകാശം നൽകിയിരുന്നു. അഞ്ചു ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇത് ഷാജി തയാറാക്കി നൽകിയതാണെന്ന് ആരോപിച്ചാണ് ഭീഷണി. കഴിഞ്ഞ ഒന്നിന് തൊഴിലുറപ്പ് വിഭാഗം കരാർ ജീവനക്കാരൻ മഹേഷ് ഹെഡ് ക്ലാർക്കിനെ ചോദ്യം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. രണ്ടിനാണ് മുൻ എംഎൽഎ രാജഗോപാലൻ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതെന്ന് പറയുന്നു.
നിന്നെ കൊന്നാലും ആരും ചോദിക്കില്ലെന്നായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ജോലി ചെയ്യാൻ സംരക്ഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ നടപടി എടുക്കാൻ പോലീസ് തയാറാകാത്തതിൽ ഒരുവിഭാഗം ജീവനക്കാരും പ്രതിഷേധത്തിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെഴുവേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. മുൻ എംഎൽഎ കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സജി വട്ടമോടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഹരികുമാർ, ജയിൻ, എൻ.സി. മനോജ്, വിനീത അനിൽ, കെ.കെ. ജയിൻ, ആര്യ മുടവനാൽ, രാജു കുളക്കട എന്നിവർ പ്രസംഗിച്ചു.