കോഴിക്കോട് : ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് കാസര്‍കോട് ഉദിനൂര്‍ സ്വദേശിയായ യുവതിയെ പ്രവാസി ദമ്പതിമാർ നിക്ഷേപ തട്ടിപ്പിന് ഇരയാക്കിയെന്ന് പരാതി. 31 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് കോഴിക്കോട് സ്വദേശികളായ ദമ്പതിമാർക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. യുഎഇയില്‍ ബിസിനസില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം നല്‍കാമെന്നായിരുന്നുവത്രെ പ്രവാസി ദമ്പതികളുടെ വാഗ്ദാനം. പക്ഷേ നിക്ഷേപിച്ച തുക പോലും തിരികെ നല്‍കിയില്ല.
ഇതോടെയാണ് ഉദിനൂര്‍ സ്വദേശിയായ ഷറഫുന്നീസ, ചന്തേര പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് വടകര സ്വദേശി ഷഫറിന്‍, ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി ഇജാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ഷഫറിനെ പരിചയപ്പെടുന്നത്. പിന്നീട് കുടുംബ സുഹൃത്തുക്കളായി മാറി. പര്‍ദ്ദ ബിസിനസില്‍ നിന്നുള്ള വരുമാനവും ലോണ്‍ എടുത്തും മറ്റുമുള്ള കാശുമാണ് നിക്ഷേപിച്ചതെന്ന് യുവതി പറഞ്ഞു. എത്രയും വേഗം പണം തിരികെ കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ദമ്പതികള്‍ കൂടുതല്‍ പേരെ പറ്റിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ഷഫറുന്നീസ പറഞ്ഞു.