ബംഗളൂരു : ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങിയതായി പരാതി. കുട്ടനാട് രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ബംഗളൂരുവിലെ ഫ്ലാറ്റ് ഉള്‍പ്പെടെ വിറ്റ് ഒളിവിൽ പോയത്. ബംഗളൂരു രാമമൂർത്തി നഗറിൽ എ & എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളാണ് ഇരുവരും. ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയുമാണ് ടോമിയും ഷൈനിയും ചിട്ടിയിൽ ആളുകളെ ചേർത്തിരുന്നത്. നിരവധി മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് രാമമൂർത്തി പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ഇരുവരെയും കാണാതായെന്നാണ് പരാതി. ഫോണ്‍ സ്വിച്ച് ഓഫാണ്. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു. ഫോണില്‍ കിട്ടാതെ വന്നതോടെയാണ് ഇടപാടുകാര്‍ പോലീസിനെ സമീപിച്ചത്.
2003 മുതൽ പ്രവർത്തിക്കുന്ന ഈ ചിട്ടി കമ്പിനി ബാങ്ക് പലിശയേക്കാൾ ഇരട്ടി നൽകിയാണ് ആളുകളെ ആകർഷിച്ചത്. സ്ഥാപനത്തിന്റെ രേഖകളിൽ 1600 ഓളം ഇടപാടുകാരുണ്ട്. അതിനാൽ തട്ടിപ്പിന്റെ വ്യാപ്‌തി ഇനിയും കൂടിയേക്കും. പി.ടി സാവിയോ എന്ന വ്യക്തിയാണ് പരാതി നൽകിയത്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. തുടർന്ന് തട്ടിപ്പിനിരയായ 265 പേരാണ് പോലീസിനെ സമീപിച്ചത്. 40 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായെന്നാണ് നിഗമനം. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്. 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്. മലയാളി സംഘടനകള്‍, ആരാധനാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവ വഴിയാണ് ഇവര്‍ ചിട്ടിയിലേക്ക് ആളുകളെ ചേർത്തിരുന്നത്. കേസെടുത്ത പോലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്.