കോഴഞ്ചേരി : പന്തളം-ശബരിമല തിരുവാഭരണപാതയിൽ കൈയേറ്റം കണ്ടെത്തി ഒഴിപ്പിച്ച് വീണ്ടെടുത്ത കിടങ്ങന്നൂരിലെ പത്ത് സെന്റ് സ്ഥലം സമീപവസ്തു ഉടമ വീണ്ടും കൈയേറി മണ്ണെടുക്കുകയും റോഡ് നിർമിക്കുകയും ചെയ്തതായി പരാതി. ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ മൂന്നിൽ വീട് നമ്പർ 470-ലാണ് സ്ഥലം കൈയേറ്റം നടത്തിയിട്ടുള്ളത്. ഫെബ്രുവരി 15-ന് ഈ വിഷയം സംബന്ധിച്ച് ജില്ലാ കളക്ടർക്കും കോഴഞ്ചേരി തഹസിൽദാർക്കും തിരുവാഭരണപാത സംരക്ഷണസമിതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഒരുനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തിരുവാഭരണപാത കൈയേറിയത് ഒഴിപ്പിച്ച സ്ഥലങ്ങൾ അതാത് സ്ഥലത്തുള്ള പഞ്ചായത്തുകളെയാണ് ജില്ലാ ഭരണകൂടം ഏൽപ്പിച്ചിട്ടുള്ളത്.
ആറന്മുള പഞ്ചായത്ത് വിഷയത്തിൽ നടപടി സ്വീകരിക്കുവാൻ ഇറങ്ങിയപ്പോൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടസ്സം സൃഷ്ടിക്കുകയും കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യുകയും ചെയ്യുകയാണ് ഉണ്ടായത്. മണ്ണെടുത്ത സ്ഥലത്തുനിന്ന് സ്റ്റേവയറുകൾ മാറ്റിയിട്ടുകൊണ്ട് വൈദ്യുതി ബോർഡും കൈയ്യേറ്റക്കാരെ സഹായിക്കുന്നതാണ് ഇവിടെ കാണാൻ കഴിഞ്ഞത്. കൂട്ടമായി സർക്കാർ ഉദ്യോഗസ്ഥ ലോബി കൈയേറ്റക്കാരുമായുള്ള ഇടപെടൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയും വേണമെന്ന് തിരുവാഭരണപാത സംരക്ഷണസമിതി ആവശ്യപ്പെട്ടു. അനധികൃതമായി കൈയേറ്റം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ തിരുവാഭരണപാത സംരക്ഷണസമിതി ഏതറ്റംവരെ പോകുമെന്ന് കോഴഞ്ചേരിയിൽ കൂടിയ സമിതിയോഗം മുന്നറിയിപ്പ് നൽകി. തിരുവാഭരണപാത സംരക്ഷണസമിതി പ്രസിഡന്റ് പി. രാഘവവർമയുടെ അധ്യക്ഷതയിൽകൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, ജോയിന്റ് സെക്രട്ടറി മനോജ് കോഴഞ്ചേരി, പി.കെ.സുധാകരൻപിള്ള, കെ.ആർ.സോമരാജൻ, കെ.ആർ.സന്തോഷ്, എം.വിജയൻ, ഉണ്ണികൃഷ്ണൻ, ടി.പി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.