ഇടുക്കി: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. ഇടുക്കി മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ആശ-ഷിബു ദമ്പതിമാരുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം. എന്നാലിത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. ഗർഭിണിയായ ആശ കഴിഞ്ഞമാസം 14നാണ് താലൂക്ക് ആശുപത്രിയിലെത്തിയത്. പരിശോധനകൾ നടത്തിയ ശേഷം 19ന് അഡ്മിറ്റ് ആവാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ അസ്വസ്ഥത അനുഭവപ്പെട്ടതോടെ തൊട്ടടുത്ത ദിവസം ആശയുമായി ബന്ധുക്കൾ വീണ്ടും അടിമാലി ആശുപത്രിയിൽ എത്തി.
എന്നാൽ ചികിത്സ ലഭിച്ചില്ലെന്നും യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ബന്ധുക്കൾ പറയുന്നു. പ്രസവ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞ് മരിച്ചു. എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് പറയുന്നത്. കുഞ്ഞിൻറെ ഹൃദയമിടിപ്പിൽ പ്രശ്നമുണ്ടായിരുന്നെന്ന് നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ഞായറാഴ്ച ആശുപത്രിയിൽ അനസ്തേഷ്യ നൽകാൻ ആളില്ലാത്തതിനാൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നുമാണ് ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുന്നത്.