ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പോലീസ് എസിപിക്ക് സ്ഥാനക്കയറ്റം. ഡല്‍ഹി എസിപി വിവേക് ഭഗതിന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (അഡീഷണല്‍ ഡിസിപി) പദവിയിലേക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. വിവേക് ഭഗതിനെ കൂടാതെ 11 പോലീസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചു. ഇത് നേരത്തെ നിര്‍ദേശം നല്‍കിയിരുന്ന സ്ഥാനക്കയറ്റ നടപടിയാണെന്നാണ് സംഭവത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ശനിയാഴ്ച ഗ്യാനേഷ് കുമാറിനെരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. പരാതികള്‍ വിശദമായ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പോലീസ് ഞായറാഴ്ച അറിയിച്ചു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ സ്ഥലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ എസിപി വിവേക് ഭഗത് ലൈംഗികമായി ഉപദ്രവിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി. പരാതി ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.




























