ഭോപാൽ: യുവതിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ദലിത് യുവാവിനെ അര്‍ധനഗ്‌നനാക്കി കഴുത്തില്‍ ചെരുപ്പ് മാലയിട്ട് പരസ്യമായി നടത്തിച്ച് നാട്ടുകാര്‍. ഇതിനുപുറമെ യുവാവിന്റെ മുഖത്ത് കറുപ്പ് നിറമടിക്കുകയും ശരീരത്തിൽ ബെൽറ്റു കൊണ്ട് അടിക്കുകയും ചെയ്തു. ഭാൻപുര പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഭായിസോദാമണ്ടി ഗ്രാമത്തിൽ കഴിഞ്ഞയാഴ്‌ച നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരവും ഭാരതീയ ന്യായ് സൻഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും പ്രതികളായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി ഭാന്‍പുര പോലീസ് അറിയിച്ചു.
രാമേശ്വര്‍ ഗുര്‍ജാര്‍, ബല്‍ചന്ദ് ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സെപ്റ്റംബര്‍ 29ന് ദളിത് യുവാവിനെതിരെ ഒരു യുവതി പരാതി നല്‍കിയിരുന്നു. അവഹേളിക്കും വിധം പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്. തുടര്‍ന്ന് യുവാവിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യുവാവിനെ നാട്ടുകാരില്‍ രണ്ട് പേര്‍ ഗ്രാമത്തിലൂടെ അര്‍ധനഗ്‌നനാക്കി നടത്തിച്ചത്. എന്നാല്‍ യുവതി നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനിടെ യുവാവ് ഇക്കാര്യം പറഞ്ഞില്ലെന്നും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും പോലീസ് അറിയിച്ചു. ഒരാളെ മർദിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുത്തതായി മന്ദ്‌സൗർ എസ്.പി അഭിഷേക് ആനന്ദ് പറഞ്ഞു.