കോഴഞ്ചേരി : നാരങ്ങാനം പഞ്ചായത്തിലെ പുന്നോൺ പാടശേഖരം അനധികൃതമായി മണ്ണിട്ട് നികത്തുന്നതായി പരാതി. പഞ്ചായത്തിന്റെ 14-ാം വാർഡിൽപെട്ട പാടശേരത്തിന്റെ തെക്കുകിഴക്കേ അതിർത്തിക്കും നെല്ലിക്കാലാ-വട്ടക്കാവ് റോഡിന്റെ വശത്തെ ദേവീപുരത്തെ ട്രാൻസ്‌ഫോർമറിന് സമീപത്തുമുള്ള നിലംനികത്തിയെടുക്കുന്നതായി പാടശേഖര സമിതി, ജില്ലാ കളക്ടർ, പൊതുമരാമത്ത് റോഡ്‌സ് ഡിവിഷൻ, നാരങ്ങാനം കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. നടപടിക്രമം പാലിക്കാതെയും നിയമപരമായ അനുമതിയും നേടാതെ റാമ്പിനായി ഇടിച്ചിട്ട മണ്ണും വാനംതോണ്ടിയതിന്റെ ഭാഗമായി പാടത്തുകിടക്കുന്ന മണ്ണും ചേർത്ത് നിരത്തി പാടം ഗണ്യമായ ഉയരത്തിൽ നികത്തുകയാണ്.
ഘട്ടംഘട്ടമായി പാടം പൂർണമായി നികത്തിയെടുത്ത് തരിശിട്ടശേഷം ഭൂമി തരം മാറ്റുന്നതിനുളള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. നാരങ്ങാനം പഞ്ചായത്തിൽ കാര്യക്ഷമമായി നെൽകൃഷി നടക്കുന്ന പാടശേഖരത്തിലെ കൃഷിക്ക് ഈ മാറ്റം നാശകരമാകും. അതിനാൽ ഈ ഭാഗത്ത് റോഡ് നിർമാണത്തിന്റെപേരിൽ നടന്നുവരുന്ന അശാസ്ത്രീയ നിർമാണപ്രവൃത്തികൾ നിർത്തിവെപ്പിക്കണമെന്നും നിലംനികത്തി കരഭൂമിയാക്കുന്നതിനായി ഉണ്ടായേക്കാവുന്ന ശ്രമങ്ങൾ തടയുന്നതിനാവശ്യമായ നടപടി ഉണ്ടാകണമെന്നും പുന്നോൺ പാടശേഖര സമതി സെക്രട്ടറി രാജു വറുഗീസ്, ജോയിന്റ് സെക്രട്ടറി പി.ആർ.രാജേഷ് കുമാർ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു.