തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ എറണാകുളം ശിവക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, അസിസ്റ്റന്റ് ദേവസ്വം ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കെ. എൻ. വിനന്ദൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവക്ഷേത്ര ഉപദേശക സമിതി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ഉത്സവത്തിൻ്റെ കണക്കുകൾ ബോധിപ്പിക്കാതെ ലക്ഷങ്ങളുടെ കടബാധ്യതയെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 2025-26 വർഷത്തെ ഉത്സവത്തിനായി 3 കോടിയിലധികം രൂപ സമാഹരിച്ചു നൽകിയിരുന്നു.
എന്നാൽ ഉത്സവച്ചടങ്ങുകൾ പൂർത്തിയായപ്പോൾ 35 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് ദേവസ്വം ഓഫീസറും സഹായിയായ വിനന്ദനും ഉപദേശക സമിതിയെ അറിയിച്ചത്. സാമ്പത്തിക കാര്യങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്ത ദേവസ്വം ഓഫീസറും സഹായിയും മുൻകൂട്ടി ഒപ്പിട്ടു വാങ്ങിയിരുന്ന ഉപദേശക സമിതി ഭാരവാഹികളുടെ ചെക്കുകൾ കൂടിയാലോചനയില്ലാതെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം. ഉത്സവത്തിന്റെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് നടത്തി സമർപ്പിക്കാൻ ഉപദേശക സമിതി ആവശ്യപ്പെട്ടെങ്കിലും കണക്കുകൾ അവതരിപ്പിക്കാതെ ഇവർ ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് പരാതി നൽകിയത്.
ആനയൂട്ട് ചടങ്ങിനായി 3 ആനകളെ 65,000 രൂപയ്ക്ക് ലഭ്യമാക്കാമെന്ന് ഉപദേശക സമിതി അംഗം എൻ. കെ. പ്രഭാകര നായക് അറിയിച്ചിരുന്നു. എന്നാൽ 30,000 രൂപയ്ക്ക് ആനകളെ എത്തിക്കാമെന്ന് ദേവസ്വം ഓഫീസർ ഉറപ്പ് നൽകുകയും സമിതി ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ 6 ആനകളെയാണ് എത്തിച്ചതെന്നും ഇതിനായി 1,90,000-ലധികം രൂപ ദേവസ്വം ഓഫീസർ സ്വന്തം നിലയിൽ നൽകിയെന്നും സമിതി ആരോപിക്കുന്നു. ഓണക്കാലത്ത് എറണാകുളത്തപ്പൻ ഗ്രൗണ്ട് വാടകയ്ക്ക് നൽകിയതിലൂടെ ക്ഷേത്രത്തിനും ദേവസ്വത്തിനും വലിയ നഷ്ടം ദേവസ്വം ഓഫീസർ വരുത്തിവെച്ചെന്നും പരാതിയിലുണ്ട്. ക്ഷേത്രത്തിലെ അടുത്ത ഉത്സവത്തിനായി മുൻകൂറായി തന്റെ ഏജന്റിന് 3 ലക്ഷം രൂപ അഡ്വാൻസായി നൽകണമെന്നും അതിനായി ചെക്ക് ഒപ്പിട്ടു നൽകണമെന്നും ദേവസ്വം ഓഫീസർ ഉപദേശക സമിതി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപണമുണ്ട്.
എന്നാൽ സമിതിയുടെ തീരുമാനപ്രകാരവും സുതാര്യമായ ടെൻഡർ വഴിയും മാത്രമേ പണം നൽകൂവെന്ന് പ്രസിഡന്റ് നിലപാടെടുത്തതോടെ ദേവസ്വം ഓഫീസർ ഉപദേശക സമിതിയോട് സഹകരിച്ചില്ല. ഉത്സവത്തിൽ പങ്കെടുത്ത കരാറുകാർക്കും തൊഴിലാളികൾക്കും നൽകാനുള്ള പണം നൽകാമെന്ന് ആദ്യം സമ്മതിച്ച ദേവസ്വം ഓഫീസർ പിന്നീട് ചെക്കിൽ ഒപ്പിട്ടു നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് കരാറുകാരുടെ പ്രതിഷേധം ഒഴിവാക്കാൻ ഉപദേശക സമിതി അംഗങ്ങളിൽ നിന്നും പ്രസിഡന്റ് കടമായി പണം പിരിച്ചാണ് കരാറുകാർക്ക് ഭാഗികമായി പണം നൽകിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.


































