തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിത ബാബുവിന്റെ സ്വർണം മോഷണം പോയതായി പരാതി. കമ്മലും മാലയുമാണ് മോഷണം പോയിരിക്കുന്നത് . സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസിൽ പരാതി നല്‍കി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സി. ടി സ്‌കാന്‍ പരിശോധനക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് സഹപ്രവർത്തകയുടെ ബാഗിൽ ഊരിവെച്ച മാലയും കമ്മലുമാണ് കാണാതായത്.
ബാഗ് കസേരയിൽ വെച്ച് പുറത്തേക്ക് പോയ സമയത്ത് ആശുപത്രിയിൽ നിന്ന് മോഷണം പോയതായാണ് കരുതുന്നതെന്ന് അരിത ബാബു പറഞ്ഞു. മാലയും കമ്മലും വാച്ചുമാണ് ബാഗിൽ ഉണ്ടായിരുന്നത്. എന്നാൽ വാച്ച് മാത്രമാണ് തിരിച്ച് ലഭിച്ചത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം പോലീസിന്റെ ക്രമിനല്‍ വല്‍ക്കരണം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭ മാര്‍ച്ച് സംഘടിപ്പിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.