ഇടുക്കി: മുനിയറയില്‍ വയോധികയെ മക്കള്‍ വീട്ടില്‍ കയറ്റുന്നില്ലെന്ന് പരാതി. കല്ലേപുളിക്കല്‍ വീട്ടില്‍ പങ്കജാക്ഷി രണ്ട് ദിവസമായി വീടിന് പുറത്താണ് കഴിയുന്നത്. മകന്‍ സുരേഷും ഭാര്യയും വീട് താഴിട്ട് പൂട്ടി സ്ഥലം വിട്ടു. പങ്കജാക്ഷിയെ വീട്ടില്‍ കയറ്റണമെന്നും സംരക്ഷണം നല്‍കണമെന്നും സബ് കളക്ടറുടെ ഉത്തരവ് ഉണ്ട്. മകന്‍ വീടും സ്വത്തും കൈക്കലാക്കിയ ശേഷം വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് കാണിച്ച് പങ്കജാക്ഷി പരാതി നല്‍കിയിരുന്നു. പങ്കജാക്ഷിയോട് സുരേഷ് മറ്റൊരു മകളുടെ വീട്ടില്‍ താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടത്.
മകനെ വിളിച്ചെങ്കിലും ഫോണില്‍ ലഭിക്കാത്ത സാഹചര്യമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പങ്കജാക്ഷി സബ്കളക്ടറെ സമീപിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പങ്കജാക്ഷിക്ക് സുരക്ഷ നല്‍കണമെന്നുള്ള ഉത്തരവ് സബ്കളക്ടര്‍ പുറപ്പെടുവിച്ചത്. വീടിന് പുറത്തു തന്നെ തുടരുകയാണ് പങ്കജാക്ഷി. ഇവര്‍ വര്‍ഷങ്ങളായി താമസിച്ചുകൊണ്ടിരുന്ന വീടാണ് മകന്‍ സുരേഷിന്റേത്. ഇവിടെ നിന്നും തന്നെ ഇറക്കിവിട്ടു എന്ന പരാതിയാണ് ഇവര്‍ ഉയര്‍ത്തുന്നത്. വര്‍ഷങ്ങളായി പങ്കജാക്ഷി താമസിക്കുന്ന വീട്ടില്‍ തന്നെ താമസിപ്പിക്കണമെന്ന ഉത്തരവാണ് സബ്കളക്ടര്‍ പുറപ്പെടുവിച്ചത്.