കട്ടപ്പന : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കട്ടപ്പന ശാഖയിലെ ജീവനക്കാരൻ പരിചയക്കാരുടെ വിശ്വസ്തത മുതലെടുത്ത് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. ബാങ്കിലെ ഗോൾഡ് അപ്രൈസറായ കട്ടപ്പന കൊല്ലംപറമ്പിൽ കെ.ജി അനിലിനെതിരെയാണ് ബാങ്കും സുഹൃത്തുക്കളും പരാതി നൽകിയത്. വർഷങ്ങളായി സെൻട്രൽ ബാങ്കിൻറെ കട്ടപ്പന ശാഖയിലെ ഗോൾഡ് അപ്രൈസറാണ് അനിൽ. കട്ടപ്പനയിൽ സ്വർണപ്പണി ചെയ്യുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ ഇയാൾ നടത്തുന്നുണ്ട്. പരിചയക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനിൽ ബാങ്കിൽ ഗോള്‍ഡ് ലോണെടുത്തു. സ്വർണം പരിശോധിക്കുന്നത് ഇയാളായതിനാൽ പണയം വെച്ചത് മുക്കുപണ്ടമാണെന്ന് ബാങ്കിന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസമായി ഇയാൾ ബാങ്കിൽ വരാതായി. ഓഡിറ്റിംഗിൻറെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് പണയ ഉരുപ്പടികളിൽ മുക്കുപണ്ടമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ പണയം വച്ച ഇടപാടുകാരെ ബാങ്ക് വിവരം അറിയിച്ചു. അപ്പോഴാണ് അനിൽ തങ്ങളുടെ പേരിൽ മുക്കുപണ്ടമാണ് പണയം വെച്ചതെന്ന് അവർ അറിയുന്നത്.
നിലവിൽ 14 പേരാണ് അനിലിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 24 പേരുടെ പേരിൽ ഇത്തരത്തിൽ സ്വർണം പണയപ്പെടുത്തിയിട്ടുണ്ടെന്നാണ് ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ബാങ്കും അനിലിനെതിരെ പരാതി നൽകിയത്. കൂടുതൽ പേരുടെ പേരിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നുള്ള പരിശോധന നടക്കുകയാണ്. സംഭവം പുറത്തായതോടെ അനിൽ ഒളിവിൽ പോയിരിക്കുകയാണ്. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കട്ടപ്പന ഡിവൈഎസ്പി പി വി ബേബി പറഞ്ഞു.