കക്കുടുമൺ : കോടികൾ ചെലവഴിച്ചു റോഡ് വികസിപ്പിക്കുമ്പോഴും അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നില്ലെന്നു പരാതി. മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡ് നവീകരണത്തെപ്പറ്റിയാണു പരാതി. ശബരിമല അനുബന്ധ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. 13 കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വനം ഒഴികെയുള്ള ഭാഗങ്ങളിൽ 5.50 മീറ്റർ വീതിയിൽ പാതയിൽ ടാറിങ് നടത്തുകയാണു പദ്ധതി. ഏതാനും പുതിയ കലുങ്കുകൾ നിർമിച്ചു.
എന്നാൽ കക്കുടുമൺ വനം ഭാഗത്ത് ചപ്പാത്തുകൾക്കു പകരം കലുങ്കുകൾ പണിതിട്ടില്ല. റോഡിന്റെ നിലവിലുള്ള വീതിയിൽ ഇവിടെ കലുങ്കുകൾ നിർമിക്കാനാകും. പുതിയ കലുങ്കുകൾ നിർമിച്ചിട്ടുള്ള ഭാഗങ്ങളിൽ ഓടയും പണിതിട്ടില്ല. റോഡിന്റെ മിക്ക ഭാഗങ്ങളിലും വശം ഇടിഞ്ഞു കിടക്കുകയാണ്. മന്ദമരുതി–നീരാട്ടുകാവ് വരെയുള്ള ഭാഗങ്ങളിലാണിത്. റബർ തോട്ടങ്ങളോടു ചേർന്നാണ് വശം ഇടിഞ്ഞു കിടക്കുന്നത്. ഇവിടെങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കാത്തത് വാഹന തിരക്കു കൂടുമ്പോൾ അപകടങ്ങൾക്കിടയാക്കും. പോരായ്മകൾ പൂർണമായി പരിഹരിച്ച് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കോടികൾ ചെലവഴിക്കുന്നതിന്റെ ഫലം യാത്രക്കാർക്കും സമീപവാസികൾക്കും ലഭിക്കില്ല.