കോന്നി : മികച്ച കർഷകയ്ക്കുള്ള തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ അവാർഡ് നേടിയ വിധവയായ വനിതാ കർഷകയുടെ കൃഷിയിടത്തിലേക്ക് മഴവെള്ളം വഴി തിരിച്ചു വിട്ട് കൃഷി നശിപ്പിക്കുന്നു എന്ന് പരാതി. കർഷക തണ്ണിത്തോട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കരിമാൻതോട് പൂച്ചകുളം മംഗലത്ത് വീട്ടിൽ ലേഖ മൂന്ന് വർഷത്തേക്ക് പാട്ടക്കാലാവധിക്ക് എടുത്ത ഭൂമിയിൽ അഞ്ചര ലക്ഷം രൂപയോളം മുടക്കി ചെയ്ത കൃഷിയിടത്തിലേക്കാണ് പ്രദേശവാസികളായ ചിലർ ചേർന്ന് ഓടയിലൂടെ ഒഴുകിയ മഴവെള്ളം വഴി തിരിച്ചുവിട്ടത്. പൂച്ചക്കുളം റോഡിലെ ഈ ഭാഗത്ത് മുൻപ് ഓട ഉണ്ടായിരുന്നില്ല. പിന്നീട് താത്കാലികമായി വെള്ളം ഒഴുകി പോകുവാൻ എടുത്ത ഓടയാണ് ഇപ്പോൾ നീരൊഴുക്ക് തടസപ്പെടുത്തി ഇവരുടെ കൃഷിയിടത്തിലേക്ക് വെള്ളം ഒഴുകി വിട്ടിരിക്കുന്നത്.
വലിയ കോൺക്രീറ്റ് പാളി ഉപയോഗിച്ച് നീരൊഴുക്ക് തടസപ്പെടുത്തിയിരിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസികളായ ചിലർ ചേർന്ന് ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ചും പരാതി നൽകിയിട്ടുണ്ട്. തണ്ണിത്തോട് സ്വദേശിയുടെ ഭൂമി മൂന്ന് വർഷത്തേക്കാണ് പാട്ടത്തിന് എടുത്തത്. അഞ്ചര ലക്ഷം രൂപയോളം മുതൽ മുടക്കിയാണ് കൃഷി ചെയ്തിരിക്കുന്നത്. ആറ് മാസത്തോളമായി കൃഷി ആരംഭിച്ചിട്ട്. പാട്ടകാലാവധി തീരുന്ന സമയം വരെയും കൃഷി ഭൂമിക്കുള്ളിൽ ഉണ്ടാകുന്ന എല്ലാവിധ നാശനഷ്ടങ്ങൾക്കും ലേഖയാണ് ബാധ്യസ്ഥ എന്നും കരാറിൽ പറയുന്നുണ്ട്. മുകളിൽ നിന്നും വെള്ളം വഴിതിരിച്ചു വിട്ടതിനാൽ കൃഷിയിടത്തിലെ ജല സേചനത്തിനായി നിർമ്മിച്ച കുളം വരെ നികന്നുപോയി.
കൃഷി ഭൂമിയും ഇടിഞ്ഞുപോകുന്നുണ്ട്. ഈ നാശനഷ്ടങ്ങൾ എങ്ങനെ നികത്തുമെന്ന ആശങ്കയിലാണ് വീട്ടമ്മ. പുരയിടത്തിൽ ചെയ്തിരിക്കുന്ന കൃഷിക്ക് ശേഷം പതിനാറ് ലക്ഷം രൂപയോളം മുടക്കി ഈ കൃഷിയിടത്തിൽ ഫല വൃക്ഷ തൈകൾ നട്ട് നല്കണം എന്നും കരാറിൽ പറഞ്ഞിരുന്നു. നിലവിൽ ചെയ്തിരിക്കുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന ലാഭത്തിൽ നിന്നും വേണം ഈ ഫല വൃക്ഷങ്ങൾ നടുവാൻ. എന്നാൽ കൃഷി നശിച്ചതോടെ ഇനി എന്ത് എന്ന ചോദ്യവും ഇവരുടെ മുന്നിൽ അവശേഷിക്കുന്നു. പരാതിയെ തുടർന്ന് തണ്ണിത്തോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിഷയങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുവാൻ ഒരുങ്ങുകയാണ് ഈ കർഷക.