തിരുവനന്തപുരം: വിതുരയിൽ വിദ്യാർത്ഥിക്ക് പിടിഎ പ്രസിഡന്റിന്റെ മർദ്ദനമെന്ന് പരാതി. സ്കൂളിലുണ്ടായ തർക്കത്തിന് പിന്നാലെ സ്കൂളിന് പുറത്ത് വച്ച് മടൽ കൊണ്ട് മർദിച്ചതായാണ് പരാതി. തൊളിക്കോട് പൂച്ചടിക്കാടിൽ അൻസിലിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച്ച തൊളിക്കോട് ഗവ: എച്ച് എസിന് മുൻവശത്ത് വച്ചാണ് മർദ്ദനമേറ്റത്. പിടിഎ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഷംനാദും മക്കളുമാണ് മർദ്ദിച്ചത് എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിതുര പോലീസ് കേസെടുത്തു.
ഷംനാദിന്റെ മകനും അൻസിലും തമ്മിൽ സൂളിൽ തർക്കം ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിയോടെ കളി കഴിഞ്ഞ് കൂട്ടുകാരനെ വീട്ടിലാക്കുന്ന വഴി, സംസാരിക്കാൻ എന്ന് പറഞ്ഞ് ഷംനാദിന്റെ മകനായ 10 -ാം ക്ലാസിൽ പഠിക്കുന്ന ഫാരിസ് എന്ന വിദ്യർത്ഥിയും കൂട്ടുകാരും മർദിച്ചു. തുടർന്ന് ഷംനാദിന്റെ മകനായ +2 വിദ്യാർത്ഥിയായ ആസിഫ് ബൈക്കിലിരുന്ന അൻസിലിനെ ചവിട്ടി തള്ളിയിട്ട് മർദ്ദിച്ചു. പിന്നീട് ഷംനാദ് കോൺഗ്രസ് പ്രവർത്തകരുമായി വന്ന് മടൽ കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി. തുടർന്ന് വിതുര ആശുപത്രിയിൽ ചികിത്സ തേടി.