ചടയമംഗലം : കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദം നടത്തിയെന്നും പരാതി. സംഭവത്തിൽ ഭർതൃ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരത്തി പതിനാറുമുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്നും ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാറിന്‍റെ അടുത്ത് ദുർമന്ത്രവാദത്തിന്‍റെ പേരിൽ യുവതിയെ എത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവ്, ഭർതൃ മാതാവ്, ഭർത്താവിന്റെ സഹോദരി, ഇവരുടെ രണ്ട് സുഹൃത്തുക്കൾ തുടങ്ങിയവരാണ് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കിയത്.
പല സമയത്തും ഇവർ ശാരീരികമായി ഉപദ്രവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. വീടിന് സമീപത്തുള്ള കെട്ടിടത്തിലേക്കാണ് യുവതിയെ നഗ്ന പൂജയ്ക്കായി കൊണ്ടുപോയത്. തന്നെ പോലെ മറ്റു യുവതികളെയും ഇവർ സമാനമായ രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണവും യുവതി മുന്നോട്ട് വെയ്ക്കുന്നുണ്ട്. തനിക്കുണ്ടായ ദുരനുഭവത്തിന്‍റെ പശ്ചാതലത്തിൽ രണ്ട് മാസങ്ങൾക്ക് ശേഷം യുവതി ഭർതൃവീട് വിട്ടിറങ്ങിയിരുന്നു. ദുർമന്ത്രവാദത്തിനും മറ്റു അനാചരങ്ങൾക്കുമെതിരെ പോലീസും വിവിധ സംഘടനങ്ങളും ഉണർന്നു പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് പരാതിപ്പെടാൻ തനിക്ക് ധൈര്യമുണ്ടായതെന്നും യുവതി വ്യക്തമാക്കി.