മാവേലിക്കര : മൂന്നുവശവും തുറന്നുകിടക്കുന്ന മാവേലിക്കര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമുകളിൽ രാത്രിയാത്രക്കാർക്ക് സുരക്ഷിതത്വമില്ലെന്ന് പരാതി. കഴിഞ്ഞദിവസം രണ്ടാംനമ്പർ പ്ലാറ്റ് ഫോമിന്റെ തെക്കേയറ്റത്ത് രാത്രിയിൽ തീവണ്ടി കാത്തുനിന്ന ദമ്പതിമാരെ ഭീഷണിപ്പെടുത്തി പണംകവരാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. പ്ലാറ്റ് ഫോമിൽനിന്ന റെയിൽവേ പോയിന്റ്മാനെ മൂർച്ചയുള്ള ആയുധമുപയോഗിച്ച് അക്രമി മുറിവേൽപ്പിച്ചത് നാലുമാസംമുൻപാണ്. രണ്ടുവർഷംമുൻപ് രാത്രിയിൽ തീവണ്ടി കാത്തുനിന്ന കുടുംബത്തിനുനേരേ ആക്രമണവും കവർച്ചാശ്രമവുമുണ്ടായിരുന്നു. പ്ലാറ്റ് ഫോമുകളുടെ തെക്കുഭാഗത്ത് സ്ഥിരമായി മോഷണവും അക്രമസംഭവങ്ങളുമുണ്ടാകുന്നുണ്ട്.
ഏറെ വിശാലമായ സ്ഥലമുള്ള മാവേലിക്കര റെയിൽവേ സ്റ്റേഷന്റെ തെക്കും കിഴക്കും ഭാഗങ്ങൾ കാടുപിടിച്ചനിലയിലാണ്. സ്റ്റേഷന്റെ കിഴക്കുവശത്ത് അഞ്ഞൂറോളം മീറ്റർ ഭാഗത്ത് യാതൊരുവിധ സംരക്ഷണവേലിയും മറ്റു സംവിധാനങ്ങളുമില്ല. ഇതുവഴി ആർക്കും എപ്പോൾവേണമെങ്കിലും പ്ലാറ്റ് ഫോമിലേക്ക് അതിക്രമിച്ചു കിടക്കാനാകും. ഒന്നാംനമ്പർ പ്ലാറ്റ് ഫോമിന്റെ വടക്കേയറ്റവും തുറന്നുകിടക്കുകയാണ്. തീവണ്ടിയിറങ്ങുന്ന ഭൂരിപക്ഷം യാത്രക്കാരും എളുപ്പമാർഗമെന്നനിലയിൽ ഇതുവഴിയാണ് പുറത്തുള്ള റോഡിലേക്കെത്തുന്നത്. പ്ലാറ്റ് ഫോമുകളുടെ തെക്കേയറ്റവും തുറന്ന നിലയിലാണ്.