ചെന്നിത്തല : ചെന്നിത്തല പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നതായി പരാതി. ഇത് രൂക്ഷമായ ജലക്ഷമാത്തിനു വഴിതെളിക്കും. 15-ാം വാർഡിൽ ശാസ്താംപടി ശാസ്താംകുളം കഴിഞ്ഞ രാത്രിയുടെ മറവിൽ നികത്തി. 50 സെന്റോളം വിസ്തൃതിയുള്ള കുളം ഒറ്റരാത്രികൊണ്ടാണ് പൂർണമായും നികത്തിയത്. എതിർപ്പുണ്ടാകാതിരിക്കാൻ വൻസംഘം കുളംനികത്തലിനു കാവൽ നിന്നു. ചെന്നിത്തല ഗ്രാമപ്പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലായി കഴിഞ്ഞ ഒരുമാസക്കാലമായി ഒട്ടേറെ നീർത്തടങ്ങൾ ഭൂമാഫിയകൾ നികത്തുന്നതായി പരാതി ഉയരുമ്പോഴാണ് ശാസ്താംകുളവും നികത്തിയത്.
ഇതിനെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഭുമിയെ പുർവസ്ഥിതിയിലാക്കണമെന്നും സിപിഐ മാന്നാർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ജി. ഹരികുമാർ, കെ.ആർ. രഗീഷ്, മധുവെഞ്ചാൽ പി.ജി. രാജപ്പൻ എന്നിവർ സംസാരിച്ചു. ശാസ്താംകുളം നികത്തി പ്രദേശത്തെ ജനങ്ങളെ രൂക്ഷമായ ജലക്ഷാമത്തിലേക്കു നയിക്കുന്നവർക്കെതിരേ നടപടി വേണമെന്ന് ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി കടവിൽ അധ്യക്ഷനായി. ഡിസിസി അംഗം തമ്പി കൗണടിയിൽ, കെ.വി. മാത്യു, ബിനു സി. വർഗീസ്, പ്രസാദ് വാഴക്കാട്ടത്തിൽ, ജിതിൻ റോയി, സ്റ്റീഫൻ തോമസ്, ജിജി റജി തുടങ്ങിയവർ പ്രസംഗിച്ചു.